ബംഗളൂരു: ഹെൽമറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ച അഭിഭാഷകനെ ചിക്കമഗളൂരു ടൗൺ പൊലീസ് മർദിച്ച സംഭവത്തെത്തുടർന്ന് സംസ്ഥാനത്ത് പൊലീസ്-അഭിഭാഷക ബന്ധം വഷളാവുന്ന സാഹചര്യത്തിൽ കർണാടക ഹൈകോടതി 10 അംഗ ഉന്നതതല സമിതി രൂപവത്കരിച്ചു. ചീഫ് ജസ്റ്റിസ് പ്രസന്ന ബി. വരലെ, ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത് നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ചാണ് വ്യാഴാഴ്ച കർണാടക അഡ്വക്കറ്റ് ജനറൽ, ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരടങ്ങിയ സമിതി രൂപവത്കരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന അഡ്വ. പ്രീതത്തെ പട്രോളിങ് ഡ്യൂട്ടിയിലുള്ള പൊലീസ് തടഞ്ഞ് ബൈക്കിന്റെ താക്കോൽ ഊരിയെടുക്കുകയും സ്റ്റേഷനിൽ കൊണ്ടുപോയി മർദിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ സബ് ഇൻസ്പെക്ടറെയും അഞ്ചു പൊലീസുകാരെയും ചിക്കമഗളൂരു എസ്.പി സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ, അഭിഭാഷകർ മർദിച്ചു എന്നാരോപിച്ച് പൊലീസുകാർ തെരുവിലിറങ്ങി. പിന്നാലെ ബാർ അസോസിയേഷനുകളും സമരരംഗത്തിറങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.