മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിൽ പുത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കൊമ്പെട്ടുവിൽ നാട്ടുകാരിൽ ചേരിതിരിവും സംഘർഷവും സൃഷ്ടിച്ച സംഭവം കോളജ് വിദ്യാർഥിനിയുടെ കെട്ടുകഥയെന്ന് തെളിഞ്ഞു.
ഇതര സമുദായക്കാരനും സഹപാഠിയുമായ ആൺകുട്ടി തന്നെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപിച്ചെന്ന കൊമ്പെട്ടു ഗവ.പി.യു കോളജ് വിദ്യാർഥിനിയുടെ പരാതിയാണ് സി.സി.ടി.വി ദൃശ്യങ്ങളിലൂടെ വ്യാജമെന്ന് കണ്ടെത്തിയത്. ബാനൂരിലെ പെൺകുട്ടിയെ ചൊവ്വാഴ്ച പുത്തൂർ ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ രണ്ടു വിഭാഗങ്ങൾ ചേരിതിരിഞ്ഞ് സംഘർഷം ഉടലെടുത്തിരുന്നു. വൻ പൊലീസ് സന്നാഹം വിന്യസിച്ചാണ് അക്രമങ്ങൾ തടഞ്ഞത്.
ശ്രീധർ ഭട്ടിന്റെ കടയുടെ മുന്നിലൂടെ നടക്കുകയായിരുന്ന തന്നെ പിന്തുടർന്ന് ആക്രമിച്ചെന്നായിരുന്നു കുട്ടിയുടെ പരാതി. എന്നാൽ, നാലു ദിവസമായി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും മറ്റു കുട്ടികളുടെ മൊഴിയെടുത്തും നടത്തിയ അന്വേഷണത്തിൽ സംഭവം കെട്ടുകഥയെന്ന് കണ്ടെത്തി. ഓട്ടോറിക്ഷ ഇറങ്ങി കോളജിലേക്ക് നടന്നുപോവുന്ന രംഗമാണ് സി.സി.ടി.വിയിലുള്ളത്.
പരാതിയിൽ പരാമർശിക്കുന്ന ആൺകുട്ടിയുമായി എവിടെയും കണ്ടുമുട്ടുന്നേയില്ല. പെൺകുട്ടി ക്ലാസിൽ വരുമ്പോൾ മുറിവില്ലായിരുന്നുവെന്ന് മറ്റു കുട്ടികൾ മൊഴി നൽകി. വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ നാട്ടുകാർ വെള്ളിയാഴ്ച കോളജിന് മുന്നിൽ തടിച്ചുകൂടി, കെട്ടുകഥ മെനഞ്ഞ് നാടിന്റെ സ്വൈരം കെടുത്തിയ വിദ്യാർഥിനിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. സമീപ പ്രദേശങ്ങളിലെ കോളജ് വിദ്യാർഥികളും നാട്ടുകാർക്കൊപ്പം ചേർന്നു.
അല്ലാത്തപക്ഷം കടുത്ത പ്രതിഷേധം നേരിടേണ്ടിവരുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകിയിരുന്നു. സംഭവത്തിൽ വിദ്യാർഥിനിയുടെ ആരോപണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.