ബംഗളൂരു: മൈസൂരുവിൽ മലയാളി യുവാവിനെ കെട്ടിട നിർമാണത്തിനെടുത്ത കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ഹെബ്ബാൾ വ്യവസായ മേഖലയിലെ ചെറിയാൻ ഫാബ്രിക്കേറ്റേഴ്സ് ഉടമ മൈസൂരു വിജയനഗർ സെക്കൻഡ് സ്റ്റേജിൽ താമസിക്കുന്ന തൃശൂർ പട്ടിക്കാട് കൈപ്പനാൽ കെ.എം. ചെറിയാന്റെ മകൻ ക്രിസ്റ്റോ ചെറിയാനാണ് (35) മരിച്ചത്.
ശനിയാഴ്ച വൈകീട്ട് ഏഴിന് നടക്കാനായി വീട്ടിൽനിന്ന് പുറത്തിറങ്ങിയതായിരുന്നു ക്രിസ്റ്റോ. ഞായറാഴ്ച രാവിലെ വിജയനഗർ ലേണേഴ്സ് കോളജിന് സമീപത്ത് അപ്പാർട്മെന്റ് നിർമാണത്തിനായി പൈലിങ് നടത്തിയ കുഴിയിൽവീണ് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വിജയനഗർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ജെ.എസ്.എസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി കഴിഞ്ഞ ദിവസം സംസ്കരിച്ചു.
വർഷങ്ങളായി കുടുംബസമേതം വിജയനഗറിൽ താമസിക്കുകയാണ് ക്രിസ്റ്റോയുടെ കുടുംബം. പിതാവിന്റെ വ്യവസായ സ്ഥാപനത്തിലായിരുന്നു ജോലി. മരണത്തിൽ ദുരൂഹത ഉണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ക്രിസ്റ്റോയുടെ ഭാര്യാപിതാവ് തമിഴ്നാട് നീലഗിരി അമ്പലമൂല കണ്ണമ്പുറത്ത് കെ.കെ. അബ്രഹാം മൈസൂരു സിറ്റി പൊലീസ് കമീഷണർക്ക് തിങ്കളാഴ്ച പരാതി നൽകിയിട്ടുണ്ട്.
നാലടി മാത്രം താഴ്ചയുള്ള കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതിനാൽ തന്നെ കുഴിയിൽ വീണാണ് മരണമെന്നത് അവിശ്വസനീയമാണ്. തലക്കുപിറകിൽ രക്തം വന്ന രൂപത്തിൽ മുറിപ്പാട് ഉണ്ടായിരുന്നു.
സന്തോഷത്തോടെ ഭാര്യക്കും മകനുമൊപ്പം കഴിഞ്ഞുവന്നിരുന്ന ക്രിസ്റ്റോക്ക് ശത്രുക്കൾ ഉണ്ടായിരുന്നില്ല. ആരിൽനിന്നും ഭീഷണിയും ഉണ്ടായിരുന്നില്ല. ഇതിനാൽ തന്നെ മരണത്തിൽ ദുരൂഹതയുണ്ട്. മരണം കൊലപാതകമാണെന്ന സംശയമുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.