ബംഗളൂരു: സംസ്ഥാനത്തെ മതംമാറ്റ നിരോധന നിയമത്തിനെതിരെ കോടതിയെ സമീപിക്കാൻ കോൺഗ്രസും. നിയമത്തിനെതിരെ കർണാടക പി.സി.സി ലീഗൽ സെൽ ഹൈകോടതിയെ സമീപിക്കുമെന്ന് മുൻമന്ത്രിയും പാർട്ടി വക്താവുമായ പ്രിയങ്ക് ഖർഗെ പറഞ്ഞു. ന്യൂനപക്ഷ വിഭാഗങ്ങളെ വേട്ടയാടാൻ ലക്ഷ്യമിട്ടുള്ള ബില്ലാണിത്. ഇത് ജനാധിപത്യവിരുദ്ധമാണ്. ബില്ലിന് നിയമസാധുതയില്ല.
ഗുജറാത്ത്, യു.പി, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ നേരത്തേ സമാനമായ ബിൽ നിയമസഭ പാസാക്കിയിരുന്നുവെങ്കിലും ഹൈകോടതിയും സുപ്രീംകോടതിയും സ്റ്റേ ചെയ്തിരുന്നു. ജനങ്ങളെ ജാതിയുടെയും മതത്തിന്‍റെയും അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കുന്ന നിയമത്തെ അംഗീകരിക്കില്ലെന്നും കോൺഗ്രസ് അറിയിച്ചു. കഴിഞ്ഞ ഡിസംബറിൽ നിയമസഭയിൽ പാസാക്കിയ മതംമാറ്റ നിരോധന ബിൽ കഴിഞ്ഞ ദിവസമാണ് നിയമനിർമാണ കൗൺസിലും പാസാക്കിയത്.
ബില്ലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം ക്രിസ്ത്യൻ സംഘടനകളും അറിയിച്ചിരുന്നു. നിയമം കർണാടകയിലെ എല്ലാ ക്രിസ്ത്യൻ സമുദായാംഗങ്ങൾക്കും ആശങ്കയും ഭയവും ഉളവാക്കുന്നതാണെന്ന് ബാംഗ്ലൂർ ആർച്ച്ഡയോസിസ് പി.ആർ.ഒയും വക്താവുമായ ജെ.എ. കാന്ത്രാജ് പറഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സേവനം തുടങ്ങിയ മേഖലകളിൽ സമുദായം ചെയ്ത വിലമതിക്കാനാവാത്ത സേവനങ്ങൾ കണക്കിലെടുക്കാതെ അവരെ ചതിക്കുകയാണ് സർക്കാർ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
നിയമത്തിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് കർണാടക മേഖല കാത്തലിക് ബിഷപ്സ് കൗൺസിൽ അധ്യക്ഷനും ബംഗളൂരു ആർച്ച് ബിഷപ്പുമായ പീറ്റർ മച്ചാഡോയും പറഞ്ഞിരുന്നു. ഇതിനായി മതേതര സംഘടനകളുമായും മറ്റും കൂടിയാലോചനകൾ നടത്തും. കർണാടകയിലെ എല്ലാ ബിഷപ്പുമാരും ക്രിസ്ത്യൻ നേതാക്കളും ഇക്കാര്യത്തിൽ ചർച്ചകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം സംസ്ഥാനത്ത് പടരുന്ന വർഗീയ അസഹിഷ്ണുതക്ക് പിൻബലം നൽകുന്നതാണ് പുതിയ നിയമമെന്നാണ് വ്യാപക ആരോപണം ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.