ബംഗളൂരു: കർണാടകയിൽ കോൺഗ്രസ് സർക്കാറിനെതിരെ ഒന്നിച്ചുനീങ്ങാൻ ജെ.ഡി-എസും ബി.ജെ.പിയും. ഇരു പാർട്ടികളുടെയും നിയമസഭ കക്ഷി നേതാക്കളായ എച്ച്.ഡി. കുമാരസ്വാമിയും ബസവരാജ് ബൊമ്മൈയും വെള്ളിയാഴ്ച സംയുക്ത വാർത്തസമ്മേളനം നടത്തി. ആദ്യ പ്രതിഷേധമെന്ന നിലയിൽ നന്ദി ഇൻഫ്രാസ്ട്രക്ചർ കോറിഡോർ എന്റർപ്രൈസസിന്റെ (നൈസ്) ബംഗളൂരു-മൈസൂരു ഇൻഫ്രാസ്ട്രക്ചർ കോറിഡോറിലെ (ബി.എം.ഐ.സി) ക്രമക്കേടുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യോജിച്ചുള്ള പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. നൈസ് റോഡ് പദ്ധതി സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കുമാരസ്വാമിയും ബസവരാജ് ബൊമ്മൈയും ആവശ്യപ്പെട്ടു.
സർക്കാറുമായുള്ള കരാർ പദ്ധതി നടപ്പാക്കിയപ്പോൾ നൈസ് അധികൃതർ ലംഘിച്ചതായാണ് ആരോപണം. 13,000 ഏക്കർ ഭൂമിയാണ് നൈസ് അധികൃതർ അധികമായി ഏറ്റെടുത്തത്. ഈ ഭൂമി കോടതി ഉത്തരവ് പ്രകാരം സർക്കാർ തിരിച്ചുപിടിക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം. ടോൾ തുകയായി 1325 കോടി രൂപ നിയമവിരുദ്ധമായി പിടിച്ചെടുത്തെന്ന് ആരോപിച്ച കുമാരസ്വാമി, ഈ തുക കമ്പനിയിൽനിന്ന് തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ടു.
നൈസ് പദ്ധതിക്കെതിരെ കേസ് നടത്തി കോടതിയിൽനിന്ന് വിജയം നേടിയതിന് ബസവരാജ് ബൊമ്മൈയെ അഭിനന്ദിച്ച കുമാരസ്വാമി, 2018ൽ താൻ കോൺഗ്രസ്- ജെ.ഡി-എസ് സഖ്യസർക്കാറിന്റെ മുഖ്യമന്ത്രിയായിരുന്നതിനാൽ നിസ്സഹായനായിരുന്നെന്ന് വെളിപ്പെടുത്തി. ഈ പദ്ധതി സർക്കാർ ഏറ്റെടുത്താൽ വർഷംതോറും 20,000 മുതൽ 30,000 കോടി രൂപ വരെ സർക്കാറിന് ലഭിക്കുമെന്ന് അവർ ചൂണ്ടിക്കാട്ടി. നൈസ് റോഡിലെ ക്രമക്കേടുകൾ സംബന്ധിച്ച് മുതിർന്ന എം.എൽ.എ ടി.ബി. ജയചന്ദ്ര അധ്യക്ഷനായ കമ്മിറ്റിയും മുൻ മന്ത്രി ജെ.സി. മധുസ്വാമി അധ്യക്ഷനായ കാബിനറ്റ് സബ് കമ്മിറ്റിയും റിപ്പോർട്ടുകൾ സമർപ്പിച്ചതാണെന്ന് അവർ ചൂണ്ടിക്കാട്ടി.
സർക്കാറിന് ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് സുപ്രീംകോടതിയും അടുത്തിടെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. നൈസ് റോഡ് വിഷയത്തിൽ കോൺഗ്രസ് സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും ബി.ജെ.പിയും ജെ.ഡി-എസും ആവശ്യപ്പെട്ടു. നൈസ് മാനേജിങ് ഡയറക്ടർ അശോക് ഖേനി 2018ലും 2023ലും കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി ബിദർ സൗത്തിൽനിന്ന് മത്സരിച്ചിരുന്നു. ഇത്തവണ 1263 വോട്ടിനാണ് അശോക് ഖേനി ബി.ജെ.പി സ്ഥാനാർഥിയോട് തോറ്റത്. 2013- 18 കാലയളവിൽ സിദ്ധരാമയ്യ സർക്കാറിന്റെ കാലത്ത് കർണാടക മക്കള പക്ഷ എം.എൽ.എയായിരുന്നു ഖേനി.
അതേസമയം, ദേശീയ തലത്തിൽ ഭരണകക്ഷിയായ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എയിലോ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിലോ ചേരില്ലെന്ന് ജെ.ഡി-എസ് അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ ബംഗളൂരുവിൽ വ്യക്തമാക്കി. ജെ.ഡി-എസിന് കാര്യമായി വേരുള്ള കർണാടകയിൽ ബി.ജെ.പിയുമായി ചേർന്ന് പ്രതിപക്ഷ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനാണ് എച്ച്.ഡി. കുമാരസ്വാമിയുടെ നീക്കം. പ്രതിപക്ഷത്ത് ബി.ജെ.പിക്ക് 66ഉം ജെ.ഡി-എസിന് 19ഉം സീറ്റാണുള്ളത്. എന്നാൽ, ഇതുവരെ പ്രതിപക്ഷ നേതാവിനെ ബി.ജെ.പി നിശ്ചയിച്ചിട്ടില്ല. ഒരു പക്ഷേ, ജെ.ഡി-എസുമായി കർണാടകയിൽ ധാരണയുണ്ടാക്കി എച്ച്.ഡി. കുമാരസ്വാമിയെ പ്രതിപക്ഷ നേതാവാക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു.
ബംഗളൂരു: നൈസ് റോഡ് പദ്ധതി കൊണ്ടുവന്നത് ജെ.ഡി-എസ് അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ മുഖ്യമന്ത്രിയായ കാലത്താണെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. 1994- 1996 കാലയളവിലാണ് പദ്ധതി വരുന്നത്. അക്കാലത്ത് കുമാരസ്വാമിയും മന്ത്രിയായിരുന്നു. ക്രമക്കേടുകളുണ്ടെങ്കിൽ അവർക്ക് നടപടിയെടുക്കാമായിരുന്നു. കോൺഗ്രസ് സർക്കാർ പകപോക്കൽ രാഷ്ട്രീയത്തിനില്ല. നൈസ് റോഡ് പദ്ധതിയിൽ ക്രമക്കേടുകളുണ്ടെങ്കിൽ ഞങ്ങൾ തീർച്ചയായും നടപടി സ്വീകരിക്കും- ശിവകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.