ബംഗളൂരു: കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷിയെ മുഖ്യമന്ത്രിയാക്കാൻ ബി.ജെ.പി ഗൂഢാലോചന നടത്തുന്നുവെന്ന ജെ.ഡി-എസ് നിയമസഭ കക്ഷി നേതാവ് എച്ച്.ഡി. കുമാരസ്വാമിയുടെ ആരോപണവും തുടർന്നുണ്ടായ സംഭവവികാസങ്ങളും കർണാടകയിൽ പുതിയ വിവാദങ്ങൾക്ക് വഴിവെച്ചു.
കഴിഞ്ഞ ദിവസം ബി.ജെ.പി നിർവാഹക യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി ജെ.ഡി-എസിനെ വിമർശിച്ചതിന് മറുപടിയായാണ് ഗുരുതര ആരോപണവുമായി കുമാരസ്വാമി രംഗത്തുവന്നത്. എന്നാൽ, പ്രൾഹാദ് ജോഷിക്കെതിരായ കുമാരസ്വാമിയുടെ പ്രസ്താവനയെ ജോഷി പ്രതിനിധീകരിക്കുന്ന ബ്രാഹ്മണ സമുദായത്തിനെതിരായ പ്രസ്താവനയായി ചിത്രീകരിച്ച് എതിർപ്രചാരണം നടത്താനാണ് ബി.ജെ.പി ശ്രമം.
താൻ ഒരിക്കലും ബ്രാഹ്മണ സമുദായത്തെ വിമർശിച്ചിട്ടില്ലെന്നും ജോഷിയെ മാത്രമാണ് വിമർശിച്ചതെന്നും കുമാരസ്വാമി പ്രതികരിച്ചു. ‘ജെ.ഡി-എസ് പഞ്ചരത്ന യാത്രയല്ല; നവരത്ന യാത്രയാണ് നടത്തേണ്ടതെന്നും ദേവഗൗഡയുടെ അടുത്ത കുടുംബാംഗങ്ങളായ എട്ടോ ഒമ്പതോ പേർ ജെ.ഡി-എസിലുണ്ടെന്നുമായിരുന്നു പ്രൾഹാദ് ജോഷിയുടെ വിമർശനം.
പഞ്ചരത്ന യാത്രക്ക് പൊതുജനങ്ങളിൽനിന്ന് ലഭിച്ച പ്രതികരണം ബി.ജെ.പിയെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ടെന്നും അതാണ് കുടുംബ രാഷ്ട്രീയത്തെ വിമർശിക്കുന്നതെന്നും പ്രതികരിച്ച കുമാരസ്വാമി, പ്രൾഹാദ് ജോഷിയെ ഉന്നംവെച്ച് , ‘സമൂഹത്തെ ഭിന്നിപ്പിക്കുന്ന ജോഷിയുടെ സംസ്കാരം ദക്ഷിണ കർണാടകയുടെ സംസ്കാരമല്ല’ എന്നും വിമർശിച്ചു.
ആർ.എസ്.എസ് അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. അതിനാലാണ് അദ്ദേഹം ജെ.ഡി-എസിനെതിരെ തിരിയുന്നതെന്നും കുമാരസ്വാമി പറഞ്ഞു. ‘രാജ്യത്ത് ദേശീയതയുടെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുകയും ഗൂഢലോചനാ രാഷ്ട്രീയം കൊണ്ടുനടക്കുകയും കൂട്ടക്കൊലകൾ നടത്തുകയും ചെയ്യുന്നവരുടെ ആളാണ് പ്രൾഹാദ് ജോഷി.
കർണാടകയെ ഭിന്നിപ്പിക്കാനുള്ള ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും അജണ്ടയിൽ വീഴരുതെന്ന് കുമാരസ്വാമി വീരശൈവർ, വൊക്കലിഗർ, പിന്നാക്ക-ദലിത് സമുദായങ്ങൾ എന്നിവരോട് അഭ്യർഥിച്ചു. ജോഷിയെ മുഖ്യമന്ത്രിയാക്കാൻ നീക്കംനടക്കുന്ന വിവരം തനിക്ക് ലഭിച്ചിട്ടുണ്ട്.
ഉപ മുഖ്യമന്ത്രിമാരും പരിഗണിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് ചർച്ചകൾ ഡൽഹിയിലും ആർ.എസ്.എസ് ആസ്ഥാനത്തും നടന്നിട്ടുണ്ട്. പ്രൾഹാദ് ജോഷി നമ്മുടെ സംസ്കാരത്തിന് ചേർന്നയാളല്ലെന്ന് കർണാടകയിലെ കന്നഡിഗരോട് പറയാൻ ആഗ്രഹിക്കുന്നു -കുമാരസ്വാമി പറഞ്ഞു.
അദ്ദേഹത്തിന്റെ പ്രസ്താവനയിൽ ‘പെഷവായുടെ ജനിതകമുള്ള ഒരാളെയാണ് ബി.ജെ.പി മുഖ്യമന്ത്രിയാക്കാൻ ശ്രമിക്കുന്നത്’ എന്ന് പ്രയോഗിച്ചിരുന്നു. മറാത്ത സാമ്രാജ്യത്തിലെ സവർണ ബ്രാഹ്മണ ഭരണ നേതൃത്വമായ പെഷവാകളെ സൂചിപ്പിച്ചായിരുന്നു കുമാരസ്വാമിയുടെ ആ പ്രയോഗം.
പെഷവാ ഭരണത്തിനെതിരെ ദലിതർ നടത്തിയ ഐതിഹാസിക പോരാട്ടമാണ് ഭീമ-കൊറെഗാവ് സംഭവം. പ്രൾഹാദ് ജോഷി ബ്രാഹ്മണ സമുദായാംഗമാണ്. ചരിത്രരേഖകൾ പ്രകാരം, ശൃംഗേരിയിലെ ചന്ദ്രമൗലേശ്വര ക്ഷേത്രം നശിപ്പിക്കുന്നതിലും ഛത്രപതി ശിവജിയെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിലും പെഷവാകൾക്ക് പങ്കുണ്ടെന്നും കുമാരസ്വാമി ചൂണ്ടിക്കാട്ടി.
ബി.ജെ.പിയിൽ ‘പാർതീനിയം ചെടി’യെപ്പോലെയാണ് പ്രൾഹാദ് ജോഷി വളർന്നതെന്നും കുമാരസ്വാമി പരിഹസിച്ചു. കാടുകളിലും മറ്റും പടർന്നുപിടിക്കുന്ന അധിനിവേശ സസ്യമാണ് പാർതീനിയം. സ്വാഭാവികമായ കുറ്റിക്കാടുകളെ ഇല്ലാതാക്കി പരിസ്ഥിതിയുടെ ജൈവികഘടനയെ മാറ്റുന്നതാണ് ചെടികളുടെ പ്രത്യേകത.
കുമാരസ്വാമിയുടെ വിമർശനങ്ങൾ ബി.ജെ.പി നേതാക്കളെ പ്രകോപിപ്പിച്ചിട്ടുണ്ട്. സംസ്ഥാന അധ്യക്ഷൻ നളിൻകുമാർ കട്ടീൽ, മന്ത്രിമാരായ ആർ. അശോക, കെ. ഗോപാലയ്യ തുടങ്ങിയവർ കുമാരസ്വാമിക്കെതിരെ രൂക്ഷമായ പ്രതികരണവുമായി രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.