ബംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യക്കൊപ്പം മരണംവരെ പാറപോലെ ഉറച്ചുനിൽക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. വ്യാഴാഴ്ച ഹാസനിൽ സംഘടിപ്പിച്ച ‘ജന കല്യാണ സമാവേശ’ യിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പദം പങ്കിടുന്നത് സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും കോൺഗ്രസിൽ സജീവമാകുന്നതിനിടെയാണ് കെ.പി.സി.സി അധ്യക്ഷൻകൂടിയായ ശിവകുമാറിന്റെ പ്രതികരണം. ‘ആരും ആശങ്കപ്പെടേണ്ട. ഈ പാറ (ശിവകുമാർ) സിദ്ധരാമയ്യക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് ഞാൻ മൈസൂരുവിൽ പറഞ്ഞിരുന്നു. ഇന്നും നാളെയും മരണം വരെയും അതങ്ങനെത്തന്നെയായിരിക്കും. ഇതു മനസ്സിൽ കുറിച്ചുവെച്ചോളൂ. ഇതാണ് ‘കനകപുര പാറ’യുടെ ചരിത്രം- ശിവകുമാർ പറഞ്ഞു. കനക്പുരയിൽനിന്നുള്ള നേതാവായ ശിവകുമാറിനെ അനുയായികളും മാധ്യമങ്ങളും ‘കനകപുര ബന്തെ’ (കനകപുര പാറ) എന്നു വിശേഷിപ്പിക്കാറുള്ളത് സൂചിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ഞാൻ എവിടെ പ്രവർത്തിച്ചാലും സത്യസന്ധമായി പ്രവർത്തിക്കുകയെന്നത് എന്റെ ധർമവും ചുമതലയുമാണ്. ആരും ആശങ്കപ്പെടേണ്ട കാര്യമില്ല. ഞങ്ങൾ സത്യസന്ധമായി പ്രവർത്തിക്കുന്നത് പാവപ്പെട്ടവർക്കുവേണ്ടിയാണ്. മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും ഭരണപക്ഷ എം.എൽ.എമാരും മുഖ്യമന്ത്രിക്കുകീഴിൽ ഒറ്റക്കെട്ടായി കർണാടകയെ സേവിക്കും- ശിവകുമാർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.