മംഗളൂരു: ഉഡുപ്പി ജില്ലയിൽ കനത്ത മഴയിൽ നാശനഷ്ടങ്ങൾ സംഭവിച്ച പ്രദേശങ്ങളും കടലാക്രമണം നേരിടുന്ന തീരങ്ങളും ജില്ല ചുമതലയുള്ള മന്ത്രി ലക്ഷ്മി ഹെബ്ബാൽകർ ഞായറാഴ്ച സന്ദർശിച്ചു. മഴക്കെടുതിയിൽ ജനങ്ങൾ പൊറുതിമുട്ടിയ നാളുകളിൽ നിങ്ങൾ എവിടെയായിരുന്നു എന്ന പരിഭവവുമായി വളഞ്ഞ മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ നാട്ടുകാർക്ക് മുന്നിൽ മന്ത്രി കൈകെട്ടി ഉത്തരം പറഞ്ഞു.
‘ഉഡുപ്പിയിൽ വീട് നിർമിച്ച് താമസിക്കാൻ താൻ സന്നദ്ധയാണ്. പക്ഷെ എന്തു ചെയ്യാനാണ്, വേറെയും ഉത്തരവാദിത്തങ്ങൾ ഉണ്ടല്ലോ. നിയമസഭ സമ്മേളനം നടക്കുകയാണ്. ഞായറാഴ്ച ഒഴിവ് കിട്ടി. ഇങ്ങോട്ട് വന്നു. രാത്രി വരെ സന്ദർശനം നടത്തിയേ മടങ്ങൂ. അനിവാര്യ ഘട്ടങ്ങളിൽ താൻ ഉഡുപ്പിയിൽ വരാറുണ്ടല്ലോ. പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നോക്കാൻ ജില്ല ഭരണകൂടം ഉണ്ട്. 25 ദിവസം മുമ്പ് ജില്ലാതല യോഗം വിളിച്ചു ചേർത്തിരുന്നു’ -മന്ത്രി പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഈ വഴി തിരിഞ്ഞുനോക്കാത്ത മന്ത്രിക്കെതിരെ ഉയർന്ന രോഷം കെട്ടടങ്ങുന്നതിനിടെയാണ് മറ്റൊരു പ്രതിഷേധം രൂപപ്പെട്ടത്.
കേന്ദ്ര സഹമന്ത്രി ശോഭ കാറന്ത്ലാജെക്ക് എതിരെ ബി.ജെ.പി അണികൾ എന്ന പോലെ ഉഡുപ്പി ജില്ല ചുമതലയുള്ള മന്ത്രി ലക്ഷ്മി ഹെബ്ബാൽകറിന് എതിരെ ഗോ ബാക്ക് വിളിക്കാൻ കോൺഗ്രസ് പടയൊരുക്കം നടത്തിയതായിരുന്നു. നേതൃത്വം ഇടപെട്ടാണ് ശാന്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.