മലയാളികളടക്കം ഒമ്പതു ട്രക്കർമാരുടെ മൃതദേഹങ്ങൾ ബംഗളൂരുവിലെത്തിച്ചു

ബംഗളൂരു: ഹിമാലയൻ പർവതമേഖലയിൽ ട്രക്കിങ്ങിനിടെ മോശം കാലാവസ്ഥയെ തുടർന്ന് മരിച്ച ഒമ്പതുപേരുടെ മൃതദേഹങ്ങളും വെള്ളിയാഴ്ച ബംഗളൂരുവിലെത്തിച്ചു.

ഉത്തരാഖണ്ഡിൽനിന്ന് ഡൽഹി വഴി വിമാനത്തിലാണ് മൃതദേഹങ്ങൾ ബംഗളൂരുവിലെത്തിച്ചത്. മലയാളികളടക്കം ഉൾപ്പെട്ട ബംഗളൂരുവിൽനിന്നുള്ള ട്രക്കിങ് സംഘമാണ് അപകടത്തിൽപെട്ടത്. ബംഗളൂരു ജക്കൂരിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശിനി ആശ സുധാകർ (71), ബംഗളൂരു കൊത്തന്നൂരിൽ താമസിച്ചിരുന്ന പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശിനി വി.കെ. സിന്ധു (44), ബംഗളൂരു സ്വദേശികളായ അനിത രംഗപ്പ (55), കെ. വെങ്കടേശ് പ്രസാദ് (53), വിനായക് മുംഗുർവാടി (52), സുജാത മുംഗുർവാടി (52), ​​കെ.പി. പത്മനാഭ (50), ചിത്ര പ്രണീത് (48), പത്മിനി ഹെഗ്ഡെ (34) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 5.45നാണ് ആദ്യ മൂന്ന് മൃതദേഹങ്ങൾ ബംഗളൂരു വിമാനത്താവളത്തിലെത്തിച്ചത്.

പിന്നീട് ബാക്കി ആറു മൃതദേഹങ്ങളും എത്തിച്ചു. കർണാടക സർക്കാർ പ്രതിനിധികൾ ഏറ്റുവാങ്ങി നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് കൈമാറി. രക്ഷപ്പെട്ടവരും ബംഗളൂരുവിലെത്തി. മേയ് 29ന് മനേരിയിലെ ഹിമാലയൻ വ്യൂ ട്രക്കിങ് ഏജൻസി വഴിയാണ് സംഘം ട്രക്കിങ്ങിന് പുറപ്പെട്ടത്. ഇവർ വെള്ളിയാഴ്ച മടങ്ങാനിരിക്കെ, മോശം കാലാവസ്ഥ കാരണം വഴിതെറ്റി അവസാന ബേസ് ക്യാമ്പായ സഹസ്ത്രദളിൽ എത്തുകയായിരുന്നു. തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം. അപ്രതീക്ഷിതമായി കനത്ത കാറ്റും മഞ്ഞുവീഴ്ചയും സംഘാംഗങ്ങളെ വഴിതെറ്റിക്കുകയായിരുന്നു.

Tags:    
News Summary - dead bodies were brought to Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.