കസ്റ്റഡി മരണം, പൊലീസ് സ്റ്റേഷൻ ആക്രമണം: കേസ് സി.ഐ.ഡിക്ക്; 25 പേർ അറസ്റ്റിൽ

ബംഗളൂരു: ദാവണഗരെയിൽ വെള്ളിയാഴ്ച യുവാവ് പൊലീസ് കസ്റ്റഡിയിൽ മരിച്ചതിനെത്തുടർന്നുണ്ടായ ആക്രമണങ്ങൾ സംബന്ധിച്ച കേസ് സർക്കാർ തിങ്കളാഴ്ച ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന് (സി.ഐ.ഡി) കൈമാറി. പൊലീസ് സ്റ്റേഷൻ ആക്രമണം, പൊലീസ് ഓഫിസർമാരെ പരിക്കേൽപ്പിക്കൽ എന്നീ കേസുകളിൽ 25 പേരെ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പൊലീസ് ദാവണഗരെയിൽനിന്ന് കസ്റ്റഡിയിലെടുത്ത ചന്നഗിരി ടിപ്പു നഗറിലെ ആദിൽ(33) മരിച്ചതിനെത്തുടർന്ന് ക്ഷുഭിതരായ ആൾക്കൂട്ടം നടത്തിയ ആക്രമണത്തിൽ പൊലീസ് വാഹനങ്ങൾ തകരുകയും 11 ഓഫിസർമാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 353 (ആക്രമണത്തിലൂടെ കൃത്യനിർവഹണം തടയൽ) 307 (വധശ്രമം) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

മട്ക്ക ചൂതാട്ടം നടത്തിയെന്നാരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ കൊണ്ടുവന്ന ഉടനെ ആദിൽ കുഴഞ്ഞുവീഴുകയായിരുന്നെന്നാണ് ജില്ല പൊലീസ് സൂപ്രണ്ട് ഉമ പ്രശാന്ത് സംഭവ ദിവസം പറഞ്ഞത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ആറോ ഏഴോ മിനിറ്റ് മാത്രമാണ് ആദിൽ പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞതെന്നും എസ്.പി അവകാശപ്പെട്ടിരുന്നു. അതേസമയം മകൻ ലോക്കപ്പിൽ മർദനമേറ്റാണ് മരിച്ചതെന്ന് പിതാവും മറ്റു ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു.

ദാവണഗരെയിലും ചിത്രദുർഗ, ശിവമോഗ മേഖലകളിലും സംഭവത്തെത്തുടർന്ന് സംഘർഷാവസ്ഥ രൂപപ്പെട്ടതിനെത്തുടർന്ന് വിന്യസിച്ച വൻ പൊലീസ് സന്നാഹം തുടരുകയാണ്. ആദിലിന്റെ പിതാവിന്റെ പരാതിയിൽ ഉൾപ്പെടെ നാല് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണത്തിന് അഞ്ച് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

Tags:    
News Summary - Death in custody, attack on police station: case to CID; 25 people were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.