ബംഗളൂരു: തണ്ണീർ കൊമ്പൻ ചെരിഞ്ഞ സംഭവത്തിൽ വിശദ അന്വേഷണം നടത്തുമെന്ന് കർണാടക വനം മന്ത്രി ഈശ്വർ ഖണ്ഡ്രെ പറഞ്ഞു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വനം മന്ത്രി അറിയിച്ചു.
അതേസമയം, മാനന്തവാടിയിൽനിന്ന് മയക്കുവെടിവെച്ച് പിടികൂടിയ തണ്ണീർകൊമ്പനെ വെള്ളിയാഴ്ച രാത്രിതന്നെ ബന്ദിപ്പൂരിലേക്ക് മാറ്റേണ്ടിയിരുന്നില്ലെന്ന് കർണാടക വനംവകുപ്പ് വ്യക്തമാക്കി. ആനക്ക് മതിയായ വിശ്രമം നൽകിയ ശേഷം മാറ്റുന്നതായിരുന്നു നല്ലതെന്ന് ബന്ദിപ്പൂർ ഫീൽഡ് ഡയറക്ടർ രമേശ് കുമാർ ഐ.എഫ്.എസ് അഭിപ്രായപ്പെട്ടു.
നിറയെ ആൾക്കൂട്ടവും ബഹളവുമുണ്ടായിരുന്നതും ഒരേ സ്ഥലത്ത് ഏറെനേരം നില്‍ക്കേണ്ടിവന്നതും ആനയെ അവശനാക്കിയിരിക്കാം. ലോറിയിൽനിന്ന് ഇറക്കുന്നതിനുമുമ്പേ ആന കുഴഞ്ഞുവീണിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി.
തണ്ണീർകൊമ്പൻ വിഷയത്തിൽ കേരള-കർണാടക വനംവകുപ്പുകൾ തമ്മിൽ ഭിന്നതയില്ലെന്നും മാനന്തവാടിയില്‍ നിന്ന് തണ്ണീര്‍കൊമ്പനെ രാമപുര ക്യാമ്പില്‍ എത്തിച്ചത് കേരള, കര്‍ണാടക വനം വകുപ്പുകളുടെ ഏകോപനത്തോടെയാണെന്നും കര്‍ണാടക വനംവകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്സര്വറ്റേര് (പി.സി.സി.എഫ്) സുഭാഷ് മാല്‍ഖഡെ പറഞ്ഞു. ആനയുടെ ഇടതുകാലിലുണ്ടായിരുന്ന പഴുപ്പ് വെള്ളിയാഴ്ചത്തെ റസ്ക്യൂ ഓപറേഷനിടെ സംഭവിച്ചതല്ല. പഴയ മുറിവാണ്.
ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ആനയെ മയക്കുവെടിവെച്ച് പിടികൂടുന്നത് എളുപ്പമല്ല. സംഭവത്തില്‍ ഉദ്യോഗസ്ഥരെ പഴിക്കാന്‍ കഴിയില്ല. ആനയെ മാറ്റുന്നതു സംബന്ധിച്ച് സാഹചര്യമനുസരിച്ച് അതത് പ്രദേശത്തെ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് തീരുമാനമെടുക്കുന്നത്.
എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ ഇരുസംസ്ഥാനങ്ങളിലെയും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സംയുക്തമായി പരിശോധിക്കുമെന്നും മാല്‍ഖഡെ പറഞ്ഞു. രാസപരിശോധനകൾ പൂർത്തിയാക്കി അന്തിമ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഒരാഴ്ചക്കകം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജനുവരി 16ന് ഹാസനിലെ ബേലൂരിലുള്ള സഹാറ എസ്റ്റേറ്റിൽ നിന്ന് കര്‍ണാടക വനം വകുപ്പ് പിടികൂടി പിന്നീട് മൂലഹൊള്ള വനമേഖലയില്‍ തുറന്നുവിട്ട ആനയാണ് മാനന്തവാടിയിലെത്തിയത്.
കൃഷിയിടത്തിലെത്തിയ ആനയെ വെള്ളിയാഴ്ച രാത്രി 7.15ഓടെ മയക്കുവെടിവെച്ച് പിടികൂടുകയായിരുന്നു. പിന്നീട് രാത്രിയോടെ ബന്ദിപ്പൂരിലെ രാംപുര ആനക്ക്യാമ്പിലെത്തിച്ചെങ്കിലും ചെരിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.