ബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിലേറ്റ തോൽവിക്കു പിന്നാലെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീലിനെ മാറ്റാനൊരുങ്ങുന്നു. അധ്യക്ഷ പദവിയിൽ മൂന്നു വർഷം പൂർത്തിയായിരുന്നെങ്കിലും നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കട്ടീലിന് കാലാവധി നീട്ടി നൽകിയിരുന്നു. എന്നാൽ, പാർട്ടി ദയനീയമായി തോറ്റതോടെ നേതൃമാറ്റം വേഗത്തിലാവുമെന്നാണ് വിവരം.
ചൊവ്വാഴ്ച കേന്ദ്ര മന്ത്രി പ്രൾഹാദ് ജോഷി ഇതുസംബന്ധിച്ച സൂചന നൽകി. കട്ടീലിന്റെ കാലാവധി പൂർത്തിയായതാണെന്നും ദേശീയ നേതൃത്വം ഇക്കാര്യത്തിൽ തുടർ തീരുമാനങ്ങളെടുക്കുമെന്നും പ്രൾഹാദ് ജോഷി പറഞ്ഞു. തീരമേഖലയിലെ ദക്ഷിണ കന്നടയിൽനിന്ന് മൂന്നുതവണ എം.പിയായ നളിൻ കുമാർ കട്ടീൽ ആർ.എസ്.എസ് പശ്ചാത്തലമുള്ള നേതാവാണ്. യെദിയൂരപ്പ മുഖ്യമന്ത്രിയായതിനെ തുടർന്ന് 2019 ആഗസ്റ്റിലാണ് കട്ടീൽ അധ്യക്ഷസ്ഥാനത്തേക്കു വരുന്നത്. കേന്ദ്ര പ്രതിനിധികളുടെ സാന്നിധ്യത്തിൽ ചേരുന്ന ബി.ജെ.പി നിയമസഭ കക്ഷി യോഗത്തിൽ പ്രതിപക്ഷനേതാവിനെ തെരഞ്ഞെടുക്കുമെന്നും ജോഷി അറിയിച്ചു. ബസവരാജ് ബൊമ്മൈയെ പ്രതിപക്ഷനേതാവാക്കുമെന്നാണ് വിവരം. കഴിഞ്ഞദിവസം ബൊമ്മൈ ബംഗളൂരുവിൽ ആർ.എസ്.എസ് ആസ്ഥാനത്തെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.