ബംഗളൂരു: വടക്കൻ കർണാടകയിലെ ഗദഗ് സ്വദേശിയായ അഞ്ചു വയസ്സുകാരൻ ധാർവാഡിലെ സ്വകാര്യ ആശുപത്രിയിൽ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു.
ഷിറഞ്ച് ഗ്രാമവാസിയായ ചിരാഗ് ഹൊസമണിയാണ് മരിച്ചത്. കടുത്ത പനിയെത്തുടർന്ന് കുറച്ചു ദിവസങ്ങളായി ഗദഗ് ജില്ല ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടിയെ ശനിയാഴ്ചയാണ് ധാർവാഡിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാവിലെ മരിച്ചു. ഈ വർഷം ഗദഗിൽ ഡെങ്കിപ്പനി ബാധിച്ചുള്ള ആദ്യത്തെ മരണമാണ്.
പ്രതിപക്ഷ നേതാവ് ആർ. അശോക, ബി.ജെ.പി. നേതാക്കളായ കെ.സി. രാംമൂർത്തി, സോമ ശേഖർ എന്നിവർ ജയനഗർ ആശുപത്രിയിൽ ഡെങ്കിപ്പനി ബാധിതരുടെ ആരോഗ്യസ്ഥിതി വിലയിരുത്തി. സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ കർണാടകയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നും ബോധവത്കരണം ഊർജിതമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആർ. അശോക ആവശ്യപ്പെട്ടു. എല്ലാ താലൂക്കിലും ദ്രുതകർമസേനയും കൺട്രോൾ റൂമും സ്ഥാപിക്കണമെന്നും സംസ്ഥാനത്തെ ജനങ്ങൾ ഭീതിയിലാണെന്നും അദ്ദേഹം പറഞ്ഞു.
നഗരത്തിലെ വിവിധ ആശുപത്രികളിൽ ഡെങ്കിപ്പനി ബാധിതരെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡെങ്കിപ്പനി പരിശോധന സൗജന്യമാക്കണമെന്നും പല സ്ഥാപനങ്ങളും 1000 രൂപ വരെ പരിശോധനക്ക് വാങ്ങുന്നത് പാവപ്പെട്ടവർക്ക് ബുദ്ധിമുട്ടാണെന്നും അശോക പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.