മംഗളൂരു: ലോക വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഒന്നായ കാസർകോട്ടെ ബേക്കൽ കോട്ട ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ സന്ദർശിച്ചു. വി.ഐ.പി സന്ദർശക രജിസ്റ്ററിൽ അദ്ദേഹം സ്വന്തം കൈപ്പടയിൽ അഭിപ്രായവുമെഴുതി. കോട്ട കണ്ടതിലെ സന്തോഷവും മയിലുകൾ പീലിവിടർത്തിയാടിയ ആ സുന്ദരനിമിഷങ്ങൾക്ക് സാക്ഷിയാകാൻ പറ്റിയതിലെ ആനന്ദവും അദ്ദേഹം രേഖപ്പെടുത്തി. ഒരുകൂട്ടം മയിലുകൾ ഇത്തരമൊരു വിരുന്നൊരുക്കിയത് ജീവിതത്തിൽ ആദ്യമായാണ് കാണുന്നതെന്നും കോട്ടയിലെ രജിസ്റ്ററിൽ ഡി.കെ കുറിച്ചു.
കർണാടകയിലെ ഉജ്ജ്വല തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം ആദ്യമായി കിട്ടിയ അവധി ആഘോഷിക്കാനാണ് കർണാടക കോൺഗ്രസ് അധ്യക്ഷൻ കൂടിയായ ഡി.കെ ബേക്കൽ സന്ദർശിച്ചത്. കുടുംബാംഗങ്ങൾക്കും അടുത്ത ചില സുഹൃത്തുക്കൾക്കും ഒപ്പം വെള്ളിയാഴ്ച മുതൽ ബേക്കൽ താജ് ഹോട്ടലിൽ തങ്ങിയ അദ്ദേഹം സുഹൃത്തുക്കൾക്കൊപ്പം കോട്ട ചുറ്റിക്കാണുകയായിരുന്നു. രണ്ടു ദിവസം ബേക്കലിൽ തങ്ങിയ ഡി.കെയും കുടുംബവും സുഹൃത്തുക്കളും മറ്റു പരിപാടികളിലൊന്നും സംബന്ധിക്കാതെ താജിൽതന്നെ അവധി ആഘോഷിക്കുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് അദ്ദേഹം ബംഗളൂരുവിലേക്കു മടങ്ങി. കേരള പൊലീസിന്റെ സുരക്ഷയൊന്നും ആവശ്യപ്പെട്ടിരുന്നില്ല. എന്നാൽ, പ്രോട്ടോകോൾ പ്രകാരമുള്ള സുരക്ഷ ഒരുക്കിയിരുന്നുവെന്ന് കാസർകോട് ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.