ബംഗളൂരു: കർണാടകയിൽനിന്ന് ബി.എസ് സി, ജനറൽ നഴ്സിങ് എന്നിവ കഴിഞ്ഞ ഉദ്യോഗാർഥികൾക്ക് നിർബന്ധമായും നൽകേണ്ട സേവനങ്ങൾ നൽകാതെ കർണാടക നഴ്സിങ് കൗൺസിൽ. സർക്കാറിന് ഫീസ് നൽകി നഴ്സിങ് കൗൺസിൽ ആവശ്യപ്പെട്ട പ്രകാരമുള്ള നടപടികൾ പൂർത്തീകരിച്ച നിരവധി വിദ്യാർഥികളാണ് ഇതുമൂലം ദുരിതത്തിലായത്.
രജിസ്ട്രേഷൻ പുതുക്കൽ, വിദേശ ജോലികൾക്ക് ആവശ്യമായ സർട്ടിഫിക്കറ്റുകൾ, കോഴ്സ് പൂർത്തിയായവർക്കുള്ള സർട്ടിഫിക്കറ്റ് തുടങ്ങിയ ആവശ്യങ്ങൾക്ക് എത്തിയവർക്ക് ഇതൊന്നും ചെയ്തുനൽകുന്നില്ലെന്ന് ഉദ്യോഗാർഥികൾ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ രാവും പകലും കർണാടക നഴ്സിങ് കൗൺസിൽ ഓഫിസിന് മുന്നിൽ ഇവർ കാത്തിരിക്കുകയാണ്.
രജിസ്ട്രേഷൻ പുതുക്കലിന് 500 രൂപ ഫീസ് അടച്ചതിന് ശേഷം കൗൺസിൽ അപ്പോയിന്റ്മെന്റ് നൽകിയതുപ്രകാരമാണ് എല്ലാവരും ബംഗളൂരുവിലെ ഓഫിസിൽ എത്തിയത്. കേരളം, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ് ഏറെയും. എന്നാൽ, മറ്റു സംസ്ഥാനങ്ങളിലുള്ളവർക്ക് പല കാരണങ്ങൾ പറഞ്ഞ് സേവനം നൽകുന്നില്ല.
അതേസമയം, കർണാടകക്കാർക്ക് കാര്യങ്ങൾ ചെയ്തുകൊടുക്കുന്നുമുണ്ട്. നേരിട്ട് ഉദ്യോഗാർഥികൾക്ക് നഴ്സിങ് കൗൺസിൽ ചെയ്തുകൊടുക്കേണ്ട സേവനങ്ങളാണിവ. ഇതിനായി നിശ്ചിത തുക അടക്കണം. എന്നാൽ, എല്ലാ നടപടികളും പൂർത്തീകരിച്ച് എത്തുന്നവരെ പല കാരണങ്ങൾ പറഞ്ഞ് അധികൃതർ വട്ടംകറക്കുകയാണ്.
ജിസ്ട്രാർ സ്ഥലത്തില്ല, സർട്ടിഫിക്കറ്റുകൾ തയാറാക്കാനുള്ള പ്രത്യേക പേപ്പറുകൾ വന്നിട്ടില്ല തുടങ്ങിയ കാരണങ്ങളാണ് അധികൃതർ പറയുന്നത്. രജിസ്ട്രാറെ കാണണമെന്ന് പറയുന്നവരെ ഓഫിസിലുള്ള ചിലർ ഭീഷണിപ്പെടുത്തുന്നതായും മലയാളി ഉദ്യോഗാർഥികൾ പറയുന്നു.
നിലവിൽ മറ്റു സംസ്ഥാനങ്ങളിലും വിദേശത്തും ജോലി ചെയ്യുന്നവർ അടക്കമാണ് ഇത്തരത്തിൽ ദുരിതത്തിലായത്. വിദേശത്തെ ജോലി മാറൽ, വിസ പുതുക്കൽ, തൊഴിൽ കരാർ പുതുക്കൽ തുടങ്ങിയ കാര്യങ്ങൾക്ക് നഴ്സിങ് രജിസ്ട്രേഷൻ പുതുക്കൽ അടക്കം നടത്തണം.
എന്നാൽ, ഇതിനായി മുൻകൂട്ടി അപ്പോയിന്റ്െമന്റ് എടുത്ത് വന്നവർക്കും കൗൺസിൽ ചെയ്തുകൊടുക്കുന്നില്ല. പെൺകുട്ടികളടക്കം നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ കൗൺസിലിന്റെ ബംഗളൂരു ഓഫിസിൽ എത്തിയത്. പലരും കൈക്കുഞ്ഞുങ്ങളുമായാണ് വന്നത്.
എന്നാൽ, ഇടനിലക്കാർ മുഖേന 10,000 രൂപ വരെ വാങ്ങാനാണ് അധികൃതർ തടസ്സങ്ങൾ പറയുന്നതെന്നാണ് ആക്ഷേപം. നഴ്സിങ് കൗൺസിലിന്റെ വെബ്സൈറ്റിൽനിന്ന് നേരിട്ട് തന്നെ ഫീസ് അടച്ച് അപ്പോയിന്റ്മെന്റ് എടുക്കാൻ സൗകര്യമൊരുക്കണമെന്നാണ് ചട്ടം.
എന്നാൽ ഉദ്യോഗാർഥികൾക്ക് നേരിട്ട് ഇത്തരത്തിൽ ചെയ്യാൻ കഴിയുന്നില്ല. നഴ്സിങ് കൗൺസിലുമായി ബന്ധപ്പെട്ട ഇടനിലക്കാർ, ഏജൻസികൾ എന്നിവർ മുഖേന മാത്രമേ ഇതിന് സാധിക്കൂ എന്ന അവസ്ഥയാണെന്നും ഉദ്യോഗാർഥികൾ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.