ബംഗളൂരു: 25 വർഷങ്ങൾക്കുശേഷം ഡബിൾ ഡക്കർ ബസുകൾ വീണ്ടും നഗരത്തിലെത്തുന്നു. അഞ്ച് ഡബിൾ ഡക്കർ എ.സി ഇലക്ട്രിക് ബസുകൾ ലഭിക്കാനായി ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബി.എം.ടി.സി) അപേക്ഷ ക്ഷണിച്ചു.
10 കോടിയാണ് ഇതിനായി മുടക്കുക. ഫെബ്രുവരി ഒന്നാണ് ടെൻഡർ സമർപ്പിക്കാനുള്ള അവസാന തീയതി. ജനുവരി 17ന് ബി.എം.ടി.സി പ്രീ ബിഡ് യോഗം ചേർന്ന് ടെൻഡർ നടപടികൾ ഫെബ്രുവരി 15ഓടെ പൂർത്തിയാക്കാനുള്ള കാര്യങ്ങൾ ചർച്ചചെയ്ത് തീരുമാനിക്കും. അടുത്ത ജൂലൈയോടെ ഡബിൾ ഡക്കർ എ.സി ബസുകൾ നിരത്തിലെത്തുമെന്നാണ് പ്രതീക്ഷ.
70 പേർക്ക് ഇരിക്കാവുന്ന 11 മീറ്റർ നീളമുള്ള ബസുകളായിരിക്കും ഇവ. ലോ ഫ്ലോർ, സ്റ്റാൻഡേഡ് ഫ്ലോർ, സെമി-ലോ ഫ്ലോർ എന്നിങ്ങനെയുള്ള ബസുകളായിരിക്കും. അടുത്ത ഘട്ടത്തിൽ ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കായി വീൽചെയറുകൾ കയറ്റാനുള്ള സൗകര്യമുള്ള ബസുകളും വരുമെന്ന് അധികൃതർ അറിയിച്ചു.
ഒറ്റ ചാർജിങ്ങിൽ 150 കിലോമീറ്റർ ഈ ബസുകൾക്ക് ഓടാൻ കഴിയും. ഒരു ബസ് 180 മുതൽ 200 കിലോമീറ്റർ വരെ ഒരു ദിവസം ഓടും. 4.4 മുതൽ 4.7 മീറ്റർ വരെയായിരിക്കും ബസുകളുടെ ഉയരം. ഇതുവരെ ബസുകളുടെ റൂട്ട് ബി.എം.ടി.സി തീരുമാനിച്ചിട്ടില്ല. എന്നാൽ, പ്രധാന റൂട്ടുകളായ എം.ജി റോഡുപോലുള്ള എലിവേറ്റഡ് മെട്രോ സ്റ്റേഷനുകളും മേൽപാതകളുമുള്ള റോഡുകളിൽ ഡബിൾ ഡക്കർ ബസുകൾക്ക് സഞ്ചരിക്കാനാകില്ല.
മുകൾ ഭാഗം തട്ടുമെന്നതിനാലാണിത്. ദീർഘദൂര റൂട്ടുകളിലും തിരക്കുള്ള അന്തർനഗര റൂട്ടുകളിലുമായിരിക്കും ഇവ സർവിസ് നടത്തുക. 1990കൾവരെ നഗരത്തിൽ ഡബിൾഡക്കർ ബസുകൾ ഓടിയിരുന്നു. 1980ൽ 39ാം റൂട്ടിൽ ഗാന്ധി ബസാറിൽ നിന്ന് മെജസ്റ്റിക്കിലേക്ക് പോകുന്ന ഡബിൾ ഡെക്കർ ബസ് രാമകൃഷ്ണ മഠത്തിനടുത്ത് മറിഞ്ഞ് 19 സ്കൂൾ വിദ്യാർഥികൾ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.