ബംഗളൂരു: ദ്രാവിഡ ഭാഷാ ട്രാൻസിലേറ്റേഴ്സ് അസോസിയേഷന്റെ മൂന്നാം വാർഷിക പൊതുയോഗവും ആദ്യ വിവർത്തന അവാർഡ് വിതരണവും സംഘടിപ്പിച്ചു. ബംഗളൂരു കന്നട ഭവനത്തിലെ നയന സഭാങ്കണത്തിൽ നടന്ന പരിപാടി പ്രസിദ്ധ ഗവേഷകനും ഭാഷാ പണ്ഡിതനുമായ ഡോ. ഹമ്പ നാഗരാജയ്യ ഉദ്ഘാടനം ചെയ്തു.
പ്രാകൃത ഭാഷയും സംസ്കൃത ഭാഷയെപോലെ ശ്രേഷ്ഠമായ ഭാഷയാണെന്നും രണ്ടു ഭാഷകളിലും അനേകം കാവ്യങ്ങൾ രചിക്കപ്പെട്ടിട്ടുണ്ടെങ്കിലും ആഗോളതലത്തിൽ അവ അത്രയും വളർന്നിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദ്രാവിഡ ഭാഷകൾ വളരെ മഹത്വമുള്ള ഭാഷകളാണെങ്കിൽപോലും ഇനിയും ആഗോളതലത്തിൽ വളരണമെന്നും ദ്രാവിഡഭാഷാ ട്രാൻസിലേറ്റേഴ്സ് അസോസിയേഷൻ പോലെയുള്ള സംഘടനകൾ അതിന് വളരെ സഹായകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതര ദ്രാവിഡ ഭാഷകളിൽനിന്ന് തമിഴ് ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെട്ട നോവലുകൾക്കായിരുന്നു ഈ പ്രാവശ്യം ഡി.ബി.ടി.എ അവാർഡ്. തെലുങ്ക് ഭാഷയിലെ സൂര്യുടു ദിഗിപോയാടു എന്ന കൊമ്മൂരി വേണുഗോപാൽ റാവുവിന്റെ നോവൽ തമിഴിലേക്ക് ‘ഇരുകൊടുഗൾ’ എന്ന കൃതിയായി വിവർത്തനം ചെയ്ത തമിഴ്നാട് സ്വദേശി ഗൗരി കൃപാനന്ദന് ഡോ. ഹമ്പ നാഗരാജയ്യ അവാർഡ് സമ്മാനിച്ചു. 11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതായിരുന്നു അവാർഡ്.
വിവർത്തകയും നടിയുമായ ലക്ഷ്മി ചന്ദ്രശേഖർ മുഖ്യാതിഥിയായി. അടുത്തവർഷം ഇതര ദ്രാവിഡ ഭാഷകളിൽനിന്ന് കന്നടയിലേക്ക് വിവർത്തനം ചെയ്യപ്പെടുന്ന ഉത്തമ നോവലിനാണ് അവാർഡ് നൽകുകയെന്ന് സംഘാടകർ അറിയിച്ചു.
ദ്രാവിഡ ഭാഷകളായ തമിഴ്, കന്നട, തെലുങ്ക്, മലയാളം, തുളു എന്നിവക്കിടയിൽ ഒരു പാലം പോലെ പ്രവർത്തിക്കുകയാണ് ദ്രാവിഡ ഭാഷാ ട്രാൻസിലേറ്റേഴ്സ് അസോസിയേഷൻ ചെയ്യുന്നതെന്നും സാംസ്കാരിക വിനിമയത്തിന്റെ ശക്തമായ ഉപകരണമായി വിവർത്തനത്തെ പ്രോത്സാഹിപ്പിക്കുകയും ദ്രാവിഡ ഭാഷകൾക്കിടയിൽ ഐക്യവും പരസ്പര ബഹുമാനവും വളർത്തുകയുമാണ് ലക്ഷ്യമിടുന്നതെന്നും അധ്യക്ഷ പ്രസംഗത്തിൽ ഡോ. സുഷമ ശങ്കർ വിശദീകരിച്ചു.
അഞ്ചു സംസ്ഥാനങ്ങളിൽനിന്ന് 50 ഓളം അംഗങ്ങൾ ഇന്നലെ നടന്ന വാർഷിക പൊതുയോഗത്തിൽ പങ്കെടുത്തു. യോഗത്തിൽ അടുത്ത മൂന്നു വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
അഡ്വൈസർ ഡോ. ന. ദാമോദരഷെട്ടി, പ്രസിഡന്റ് ഡോ. സുഷമ ശങ്കർ, വൈസ് പ്രസിഡന്റ് ബി.എസ്. ശിവകുമാർ, സെക്രട്ടറി കെ. പ്രഭാകരൻ, ജോയന്റ് സെക്രട്ടറി ഡോ. മലർവിളി, ട്രഷറർ പ്രഫ. രാകേഷ് വി.എസ്, എക്സിക്യൂട്ടിവ് അംഗങ്ങളായി ഡോ. എ.എം. ശ്രീധരൻ, എസ്. ശ്രീകുമാർ, മായാ ബി. നായർ, റെബിൻ രവീന്ദ്രൻ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
ഡോ. സുഷമ ശങ്കറിന്റെ അധ്യക്ഷതയിൽ നടന്ന വാർഷിക പൊതുയോഗത്തിൽ ഡോ. ന. ദാമോദര ഷെട്ടി, പ്രഫ. രാകേഷ് വി.എസ്, കെ. പ്രഭാകരൻ, റബിൻ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ആജീവനാന്ത സാഹിത്യ സംഭാവനകൾക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവും മുതിർന്ന ടി.ബി.ടി.എ അംഗവുമായ കെ.വി. കുമാരനെ യോഗം ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.