ബംഗളൂരു: വരൾച്ചമൂലം പൊറുതിമുട്ടിയ കർണാടകയിലെ കർഷകർ കന്നുകാലികളെ വിൽക്കുന്നു. ബെളഗാവി ജില്ലയിലെ ചിക്കോടി താലൂക്കിലെ കർഷകരാണ് കൃഷിയിലെ നഷ്ട മൂലം കന്നുകാലികളെ വിൽക്കുന്നത്. വരൾച്ച മൂലം ഏറെ കൃഷിനാശമുണ്ടായെന്നും കന്നുകാലികളെ തീറ്റിപ്പോറ്റാൻ കഴിയാത്ത സ്ഥിതിയാണെന്നും ഇവർ പറയുന്നു. ചിക്കോടി താലൂക്കിലെ വിവിധ ഗ്രാമങ്ങളിലെ നിരവധി കർഷകരാണ് പശുക്കളെയും കാളകളെയും വിൽക്കാൻ കന്നുകാലി ചന്തയിലെത്തുന്നത്. ജില്ലയിലെ 14 താലൂക്കുകളും വരൾച്ചബാധിതമാണെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഹുക്കേരി, ചിക്കോടി, കാട്വാദ്, അതാനി, റായ്ബാഗ്, നിപ്പനി മേഖലകളിൽ വരൾച്ച അതിരൂക്ഷമാണ്.
കുറഞ്ഞ വിലയ്ക്കാണ് കാലികളെ വിറ്റൊഴിവാക്കുന്നത്. ലക്ഷം രൂപ വിലയുള്ള കാളയെ 20,000 രൂപക്ക് വിൽക്കേണ്ടിവന്നുവെന്ന് ഹുക്കേരിയിൽ നിന്നുള്ള കർഷകനായ ലളിത മായനന്നവർ പറഞ്ഞു. വൈദ്യുതി ലോഡ്ഷെഡിങ് മൂലം കുഴൽ കിണറുകളിൽനിന്ന് ജലസേചനം നടത്താൻ കഴിയുന്നുമില്ല. ഇതും കർഷകർക്ക് ഏറെ ദുരിതമാണുണ്ടാക്കുന്നത്. ആകെയുള്ള 236 താലൂക്കുകളിൽ 216ഉം വരൾച്ചബാധിതമാണ്. 11 താലൂക്കുകൾ അതിതീവ്രമായ വരൾച്ചയും 189 താലൂക്കുകൾ തീവ്രവരൾച്ചയും അനുഭവിക്കുന്നു. ഇതുമൂലം ഈ വർഷം സംസ്ഥാനത്തെ കർഷകർക്ക് 30,000 കോടിയുടെ നഷ്ടമാണുണ്ടായത്. 42 ലക്ഷം ഹെക്ടർ കൃഷിയാണ് നശിച്ചത്. വരൾച്ച സഹായമായി 17,901 കോടി രൂപ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം ഇതുവരെ പണം നൽകിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.