ബംഗളൂരു: മൈസൂരു കൊട്ടാരം കേന്ദ്രീകരിച്ച് 10 ദിവസം നീണ്ടുനിന്ന ദസറ ആഘോഷങ്ങൾക്ക് ജംബോ സവാരിയോടെ കൊടിയിറങ്ങി. ഗജവീരൻ അഭിമന്യു തുടർച്ചയായ അഞ്ചാം തവണ സുവർണ സിംഹാസനം വഹിച്ച് ജംബോ സവാരി നയിച്ചു. 12 ആനകൾ അകമ്പടിയേകി. കൊട്ടാരം അങ്കണത്തിൽനിന്ന് ആരംഭിച്ച് അഞ്ച് കിലോമീറ്റർ നീണ്ടുനിന്ന നഗരപ്രദക്ഷിണത്തിനുശേഷം ബന്നിമണ്ഡപം ഗ്രൗണ്ടിൽ സമാപിച്ചു. പാതയോരങ്ങളിലും കെട്ടിടങ്ങൾക്ക് മുകളിലും വൃക്ഷശിഖരങ്ങളിലും വരെ തിങ്ങിനിന്ന് ജനം കാഴ്ചക്കാരായി.
അംബാവിലാസ് കൊട്ടാരവളപ്പിലെ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ ഉച്ചകഴിഞ്ഞ് രണ്ടരക്ക് നന്ദിധ്വജ പൂജയോടെ സമാപനച്ചടങ്ങുകൾക്ക് തുടക്കം കുറിക്കുന്നതിന് തൊട്ടുമുമ്പേ നേരിയതോതിൽ ആരംഭിച്ച മഴ 3.15ന് പൂർണമായി മാറി. പിന്നീട് തെളിഞ്ഞ അന്തരീക്ഷം തുടർന്നു. ചാമുണ്ഡേശ്വരി ദേവിയുടെ വിഗ്രഹം 750 കിലോ ഭാരമുള്ള സ്വർണ സിംഹാസനത്തിൽ പ്രതിഷ്ഠിച്ചു.
ധ്വജപൂജക്ക് പിന്നാലെ ജംബോ സവാരി ഫ്ലാഗ് ഓഫ് ചെയ്ത മുഖ്യമന്ത്രി സിദ്ധരാമയ്യ, കർണാടകയിലെ മുഴുവൻ ജനങ്ങളുടെയും ഐശ്വര്യത്തിനായി പ്രാർഥിച്ചു. നഗരപ്രദക്ഷിണത്തിനു ശേഷം ജംബോ സവാരി വൈകീട്ട് ആറിന് ബന്നിമണ്ഡപം ഗ്രൗണ്ടിൽ സമാപിക്കുന്നതിന് അരമണിക്കൂർ മുമ്പേ മുഖ്യമന്ത്രി വേദിയിൽ എത്തിയിരുന്നു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മൈസൂരു ജില്ല ചുമതലയുള്ള മന്ത്രി എച്ച്.സി. മഹാദേവപ്പ എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ആനപ്പുറത്തെ സിംഹാസനത്തിലെ ചാമുണ്ഡേശ്വരി ദേവി വിഗ്രഹത്തിൽ പൂക്കൾ അർപ്പിച്ചു. പൊലീസ് അശ്വാരൂഡ സേനയും നിശ്ചലദൃശ്യങ്ങളും വാദ്യമേളങ്ങളും വിവിധ കലാരൂപങ്ങളും ജംബോ സവാരി-സാംസ്കാരിക ഘോഷയാത്രക്ക് കൊഴുപ്പേകി.
മൈസൂരു മഹാരാജാവ് യദുവീർ എം.പിക്ക് പൂജാദിനത്തിൽ രണ്ടാം മകൻ പിറന്നു
ബംഗളൂരു: മൈസൂരുവും പരിസരവും ദസറ ആഘോഷത്തിൽ ആറാടി നിൽക്കെ ആയുധ പൂജാദിനത്തിൽ മഹാരാജാവും കുടക്-മൈസൂരു ബി.ജെ.പി എം.പിയുമായ യദുവീർ കൃഷ്ണദത്ത ചാമരാജ വഡിയാറിന് രണ്ടാമത്തെ മകൻ പിറന്നു.
വെള്ളിയാഴ്ച രാവിലെ 8.45നാണ് മൈസൂരു യാദവഗിരിയിലെ സ്വകാര്യ ആശുപത്രിയിൽ തൃശിക കുമാരി ദേവി പ്രസവിച്ചത്. ദസറ ഭാഗമായി കൊട്ടാരം അങ്കണത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയ ജംബോ സവാരി റിഹേഴ്സൽ, പൊലീസ് ബാൻഡ് വാദ്യസംഘം ഒരുക്കിയ സംഗീത സായാഹ്നം, കൊട്ടാരം അകത്തളങ്ങളിൽ നടന്ന സരസ്വതി പൂജകൾ തുടങ്ങി ഒരിടത്തും തൃശിക കുമാരി ദേവി ഉണ്ടായിരുന്നില്ല. മകൻ ആദ്യവീർ നരസിംഹ രാജ വഡിയാർ എല്ലായിടത്തും കൂട്ടായി.
ഹിന്ദു മത ആചാരം പാലിക്കേണ്ടി വന്നതിനാൽ യദുവീറിന് ജംബോ സവാരി ഉൾപ്പെടെ ദസറ ആഘോഷ സമാപന ചടങ്ങുകളിൽ നിന്ന് വിട്ടുനിൽക്കേണ്ടിവന്നു. ശനിയാഴ്ചയാണ് ദസറ ആഘോഷങ്ങളുടെ ഏറ്റവും ആകർഷകമായ ആനകൾ അണിനിരക്കുന്ന ജംബോ സവാരി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.