ബംഗളൂരു: കർണാടകയിൽ എട്ട് ബി.ജെ.പി എം.എൽ.എമാർ കോൺഗ്രസിൽ ചേരാനൊരുങ്ങുന്നുവെന്ന് യശ്വന്ത്പൂരിൽനിന്നുള്ള ബി.ജെ.പി എം.എൽ.എ എസ്.ടി. സോമശേഖർ. ബംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് സോമശേഖർ വെളിപ്പെടുത്തൽ നടത്തിയത്. കുറച്ചുകാലമായി ബി.ജെ.പിയിൽനിന്ന് അകന്നുകഴിയുന്ന എസ്.ടി. സോമശേഖർ, 2019ൽ ഓപറേഷൻ താമരയിലൂടെ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേക്കേറിയ നേതാവാണ്. രാമനഗരയിലെ ബി.ജെ.പി നേതാവായിരുന്ന സി.പി. യോഗേശ്വർ എം.എൽ.സി സ്ഥാനവും ബി.ജെ.പി അംഗത്വവും രാജിവെച്ച് കോൺഗ്രസിലെത്തുകയും ചന്നപട്ടണ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാവുകയും ചെയ്തത് സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് സോമശേഖറിന്റെ വെളിപ്പെടുത്തൽ.
‘ബി.ജെ.പിക്ക് ആവശ്യമുള്ളപ്പോൾ അവർ സി.പി. യോഗേശ്വറിനെ ഉപയോഗിച്ചു. ഇപ്പോൾ അദ്ദേഹത്തെ ഒതുക്കി. 2019ൽ ബി.ജെ.പി സർക്കാർ രൂപവത്കരിക്കാൻ നടത്തിയ ചരടുനീക്കങ്ങളിൽ പ്രധാനിയായിരുന്നു സി.പി. യോഗേശ്വറെന്നും സോമശേഖർ വ്യക്തമാക്കി. സോമശേഖറിന് പുറമെ, യെല്ലാപൂർ എം.എൽ.എ ശിവറാം ഹെബ്ബാറും ബി.ജെ.പിയിൽനിന്ന് അകന്നുകഴിയുകയാണ്. ഹെബ്ബാറും 2019ൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ എത്തിയ നേതാവാണ്. അതേസമയം, എസ്.ടി.സോമശേഖറിന്റെ പ്രസ്താവനയെ പ്രതിപക്ഷ നേതാവ് ആർ. അശോക തള്ളി. സോമശേഖറിെന്റ പ്രസ്താവനകൾക്ക് തെല്ലും വിലയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.