ബംഗളൂരു: സാധനങ്ങൾ ഓൺലൈനിലൂടെ വിൽപന നടത്തി വീട്ടിലിരുന്ന് വരുമാനമുണ്ടാക്കാമെന്ന് വാഗ്ദാനം ചെയ്ത് തൊഴിലന്വേഷകരെ കബളിപ്പിച്ച് പണം തട്ടിയ മലയാളി യുവാവ് ബംഗളൂരുവില്‍ പിടിയില്‍. കണ്ണൂര്‍ സ്വദേശി ഷനീദ് അബ്ദുൽ ഹമീദാണ് (29) ബംഗളൂരു നോര്‍ത്ത് ഈസ്റ്റ് സൈബര്‍ക്രൈം പൊലീസിന്റെ പിടിയിലായത്. 222 സിം കാര്‍ഡുകളും പത്ത് മൊബൈല്‍ ഫോണുകളും ബാങ്ക് പാസ്ബുക്കുകളും ചെക്ക് ബുക്കുകളും എ.ടി.എം കാര്‍ഡുകളും ഇയാളില്‍ നിന്ന് കണ്ടെടുത്തു. ഷനീദിന്റെ കൂട്ടാളിയായ ഒളിവിൽ കഴിയുന്ന മുഹമ്മദ് നിഹാലിനായുള്ള തിരച്ചില്‍ തുടരുകയാണ്. മുഹമ്മദ് നിഹാലിന്റെ തനിസാന്ദ്രയിലെ വാടക വീടായിരുന്നു ഇവരുടെ ബംഗളൂരുവിലെ കേന്ദ്രമെന്ന് പൊലീസ് പറഞ്ഞു.
തൊഴിലന്വേഷകരാണ് തട്ടിപ്പിന് ഇരയായത്. തൊഴില്‍ തേടുന്നവര്‍ക്കുള്ള വെബ്സൈറ്റുകളില്‍ നിന്ന് ഇവരുടെ വിവരങ്ങള്‍ ശേഖരിക്കുന്ന സംഘം വീട്ടിലിരുന്ന് വരുമാനമുണ്ടാക്കാമെന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഇവർ മൊബൈലില്‍ അയക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ പ്രമുഖ ഇ- കോമേഴ്സ് കമ്പനിയുടെ പേരിലുള്ള വ്യാജസൈറ്റിലെത്തും.
ഈ സൈറ്റില്‍ നിന്ന് കുറഞ്ഞവിലയില്‍ സാധനം വാങ്ങി ഇതേ സൈറ്റിലൂടെ വില്പന നടത്തി കമീഷന് നേടാമെന്നാണ് വാഗ്ദാനം. ആദ്യം 200 രൂപക്ക് സാധനം വാങ്ങി വില്ക്കുമ്പോള് 180 രൂപ കമീഷന് നല്‍കിയിരുന്നു. വിശ്വാസ്യതയുണ്ടാകുന്നതോടെ തൊഴിലന്വേഷകര്‍ കൂടുതല്‍ പണം നിക്ഷേപിച്ചു. വലിയതുക നിക്ഷേപിച്ചു കഴിഞ്ഞാല്‍ തുകയോ കമീഷനോ സാധനമോ ലഭിക്കില്ല. പിന്നീട് ഇവരുമായി ബന്ധപ്പെടാനും കഴിയില്ല.
പിടിക്കപ്പെടാതിരിക്കാന്‍ മറ്റുള്ളവരുടെ പേരിലെടുക്കുന്ന ബാങ്ക് അക്കൗണ്ടുകളിലൂടെയാണ് ഇവര്‍ ഇടപാടുകള്‍ നടത്തിയിരുന്നത്. ക്രിപ്റ്റോ കറന്‍സിയില്‍ നിക്ഷേപിക്കാന്‍ സഹായിക്കാമെന്നും അതിന് ബാങ്ക് രേഖകളും സ്വന്തം പേരിലെടുത്ത സിം കാര്‍ഡും എ.ടി.എം കാര്‍ഡും അയക്കണമെന്ന് തെറ്റിദ്ധരിപ്പിച്ച് കൈവശപ്പെടുത്തുന്ന അക്കൗണ്ടുകളാണ് തട്ടിപ്പിന് ഉപയോഗിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.