ബംഗളൂരു: കന്നട ബോർഡ് സ്ഥാപിക്കാത്ത കടകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും ഓഫിസുകൾക്കുമെതിരെ ഫെബ്രുവരി 28 മുതൽ പിഴയീടാക്കുമെന്ന ബി.ബി.എം.പി ഉത്തരവിന് പിന്നാലെ നിയമം കൈയിലെടുത്ത് കന്നട അനുകൂല സംഘടനാ പ്രവർത്തകർ. കന്നട രക്ഷണ വേദികെ (നാരായണ ഗൗഡ വിഭാഗം) പ്രവർത്തകരാണ് ബുധനാഴ്ച നഗരത്തിൽ പലയിടത്തും അക്രമം നടത്തിയത്. നെയിം ബോർഡുകളിൽ 60 ശതമാനം കന്നട എന്ന നിബന്ധന പാലിക്കാത്ത കടകളുടെയും സ്ഥാപനങ്ങളുടെയും ബോർഡുകൾ പലയിടത്തും പ്രവർത്തകർ നശിപ്പിച്ചു. എം.ജി റോഡ്, ബ്രിഗേഡ് റോഡ്, ലാവെല്ലെ റോഡ്, യു.ബി സിറ്റി, ചാമരാജ്പേട്ട്, ചിക്പേട്ട്, കെംപഗൗഡ റോഡ്, ഗാന്ധി നഗർ, സെന്റ് മാർക്ക്സ് റോഡ്, കണ്ണിങ്ഹാം റോഡ്, റെസിഡൻസി റോഡ്, സാദഹള്ളി ഗേറ്റ് തുടങ്ങിയ ഇടങ്ങളിലാണ് പ്രകടനമായെത്തി അക്രമം നടത്തിയത്.
മാളുകളുടെയും കടകളുടെയും വാണിജ്യ കെട്ടിടങ്ങളുടെയും അടക്കം ബോർഡുകൾ നശിപ്പിക്കപ്പെട്ടു. വൻകിട കമ്പനികളുടെ ബോർഡുകളും നശിപ്പിച്ചവയിൽപെടും. ഒടുവിൽ പൊലീസെത്തി കന്നട രക്ഷണ വേദികെ കൺവീനർ ടി.എ. നാരായണ ഗൗഡ അടക്കമുള്ളവരെ കസ്റ്റഡിയിലെടുത്തു. സ്ഥാപനങ്ങളുടെ നെയിംബോർഡും കന്നടയിൽ വേണമെന്ന് നാരായണ ഗൗഡ ആവശ്യപ്പെട്ടു. കന്നടയെ അവഗണിക്കുകയോ ബോർഡുകളിൽ കന്നട ചെറുതാക്കി കാണിക്കുകയോ ചെയ്യുന്നവരെ കന്നട മണ്ണിൽ അനുവദിക്കില്ലെന്ന് നാരായണ ഗൗഡ മുന്നറിയിപ്പ് നൽകി. ഇപ്പോൾ നിങ്ങളുടെ സംരക്ഷണത്തിന് പൊലീസ് എത്തിയെന്നും എന്നാൽ, പൊലീസ് എപ്പോഴും നിങ്ങളുടെ അടുത്തുണ്ടാവില്ലെന്നും ഗൗഡ ഭീഷണിപ്പെടുത്തി.
സംസ്ഥാനത്തെ കടകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫിസുകൾക്കും കന്നട ബോർഡ് നിർബന്ധമാക്കിയത് കർശനമായി നടപ്പാക്കാൻ അതോറിറ്റികൾക്ക് സർക്കാർ നിർദേശം നൽകിയിരുന്നു. ബംഗളൂരു നഗരത്തിൽ ഫെബ്രുവരി 28നകം നിർദേശം പാലിക്കണമെന്ന് ബി.ബി.എം.പി ചീഫ് കമീഷണർ തുഷാർ ഗിരിനാഥ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. നെയിം ബോർഡുകളിൽ കന്നട പ്രാമുഖ്യം ലഭിക്കുന്ന വിധത്തിലാണ് പേരെഴുതേണ്ടത്. 60 ശതമാനം വലുപ്പത്തിൽ കന്നടയിലും ബാക്കി 40 ശതമാനം മറ്റു ഭാഷകളിലുമാവാം. ഫെബ്രുവരി 28ന് ശേഷവും നിർദേശം പാലിക്കാത്തവർക്ക് പിഴ നൽകുമെന്നും കമീഷണർ വ്യക്തമാക്കിയിരുന്നു.
നിർദേശം പാലിക്കാത്ത സ്ഥാപനങ്ങൾ കണ്ടെത്താൻ ബി.ബി.എം.പി അധികൃതർ സോൺ അടിസ്ഥാനത്തിൽ സർവേ നടത്തുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് നിയമം നടപ്പാക്കാൻ കന്നട അനുകൂല സംഘടനതന്നെ നേരിട്ട് രംഗത്തിറങ്ങിയത്. കടയുടമകളെ ഭീഷണിപ്പെടുത്തുന്ന സംഭവങ്ങളടക്കം മുമ്പും അരങ്ങേറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.