ബംഗളൂരു: 640 സ്ക്വയർ കിലോമീറ്ററുള്ള നാഗർഹോള ദേശീയ കടുവ സങ്കേതത്തിന്റെ (രാജീവ് ഗാന്ധി നാഷനൽ പാർക്ക്) പരിധിയിലൂടെ കടന്നുപോകുന്ന അന്തർസംസ്ഥാന വാഹനങ്ങൾക്ക് കർണാടക പ്രവേശന ഫീസ് ഈടാക്കിത്തുടങ്ങി. സങ്കേതത്തിന്റെ പരിധിയിൽ വരുന്ന സംസ്ഥാന-ജില്ല പാതകൾ വഴി കടന്നുപോകുന്ന വാഹനങ്ങൾക്കാണിത് ബാധകം. മാനന്തവാടി-ബാവലി, ബാവലി-ഹുൻസൂർ, ബാവലി-കല്ലട്ടി വഴി കർണാടകയിലേക്ക് പ്രവേശിക്കുന്നവർ പ്രവേശന ഫീസ് നൽകേണ്ടിവരും. കർണാടക വനംവന്യജീവി വകുപ്പിന്‍റേതാണ് പുതിയ തീരുമാനം. ഇതുപ്രകാരം കുടക് -മൈസൂർ അതിർത്തിയായ ആനചൗക്കൂർ ചെക്പോസ്റ്റിലും വയനാട്-മൈസൂർ അതിർത്തിയായ ബാവലി ചെക്പോസ്റ്റിലും ഫെബ്രുവരി ഒന്നുമുതൽ പ്രവേശനഫീസ് ഈടാക്കിത്തുടങ്ങി. ചെറുവാഹനങ്ങൾക്ക് 20 രൂപയും ലോറി, ബസ് എന്നിവക്ക് 50 രൂപയുമാണ് ഫീസ്.
ഇതുസംബന്ധിച്ച് കർണാടക ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് നാഗർഹോള ദേശീയോദ്യാന അധികൃതർക്ക് നിർദേശം നൽകിയത്. ഉത്തരവ് ഫെബ്രുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. കേരളത്തിൽനിന്നും നാഗർഹോള വനമേഖല വഴി കർണാടകയിലേക്ക് പ്രവേശിക്കുന്നത് പ്രധാനമായും ബാവലി വഴിയാണ്. വിനോദസഞ്ചാരകേന്ദ്രമായ കബനിയിലേക്കുള്ള വഴിയും ഇതിലൂടെയാണ് . മറ്റുപ്രവേശന ചെക്പോസ്റ്റുകളായ നാണച്ചി, ഉദ്ദൂർ, കാർമാട്, കല്ലിഹട്ടി, വീരനഹോസെ ഹള്ളി, ആനചൗക്കൂർ എന്നിവിടങ്ങളിലെത്തുന്ന അന്തർസംസ്ഥാനവാഹനങ്ങളിൽ നിന്നും ഇത്തരത്തിൽ ഫീസ് ഈടാക്കും. സങ്കേതത്തിനുള്ളിൽ സഞ്ചാരികൾ ഏറെ എത്തുന്ന വാഹനങ്ങൾ നിർത്തിയിടുന്ന പ്രദേശങ്ങളായ ദമ്മനഹട്ട, നാണച്ചി എന്നിവിടങ്ങളിൽ പാർക്കിങ്ങിന് ചെറിയ വാഹനങ്ങൾക്ക് 50 രൂപ, വലിയ വാഹനങ്ങൾക്ക് 100 രൂപ എന്നിങ്ങനെ ഈടാക്കുകയും ചെയ്യും.
റോഡുമായി ബന്ധപ്പെട്ട വികസനത്തിനും പ്രദേശത്തെ ശുചിത്വം നിലനിർത്തുന്നതിനുമായാണ് പുതുതായി പ്രവേശന ഫീസ് ഈടാക്കുന്നതെന്ന് അധികൃതർ പറയുന്നു. കേരളത്തിൽ നിന്നടക്കം ആയിരക്കണക്കിന് വാഹനങ്ങളാണ് നാഗർഹോള കടുവ സങ്കേതത്തിലൂടെ കർണാടകയിലേക്ക് പ്രവേശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.