ബംഗളൂരു: എറണാകുളം-യെലഹങ്ക-എറണാകുളം ഗരീബ് രഥ് ത്രൈവാര സൂപ്പർഫാസ്റ്റ് സ്പെഷൽ (06101/06102) ട്രെയിൻ സെപ്റ്റംബർ 19 വരെ നീട്ടി.
എറണാകുളത്തുനിന്നും യെലഹങ്കയിലേക്ക് സെപ്റ്റംബർ എട്ട് വരെയായിരുന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നത്. ഇത് സെപ്റ്റംബർ 18ലേക്കും യെലഹങ്കയിൽ നിന്നും എറണാകുളത്തേക്ക് സെപ്റ്റംബർ ഒമ്പത് എന്നത് സെപ്റ്റംബർ 19 വരെയും നീട്ടി.
എറണാകുളത്തുനിന്ന് യെലഹങ്കയിലേക്ക് ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ഉച്ചക്ക് 12.40ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 11 മണിക്കാണ് യെലഹങ്കയിലെത്തുക. തിരികെ എറണാകുളത്തേക്ക് തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിൽ രാവിലെ 5 മണിക്ക് യെലഹങ്കയിൽ നിന്നും പുറപ്പെടും. എ.സി ചെയർകാർ, എ.സി ത്രീ ടയർ കോച്ചുകളാണ് ട്രെയിനിലുള്ളത്.
അവധിക്കാല തിരക്ക് പരിഗണിച്ച് പ്രഖ്യാപിച്ച സ്പെഷൽ സർവിസായിരുന്നെങ്കിലും ബംഗളൂരുവിലെ മലയാളികൾക്ക് ഉപകാരപ്രദമായ സമയക്രമമല്ല ട്രെയിനിന്റേതെന്ന് പരാതിയുയർന്നിരുന്നു. കഴിഞ്ഞ ദിവസം എസ്.എസ്.എസ് ഹുബ്ബള്ളിയിൽ നിന്നും കൊച്ചുവേളിയിലേക്ക് സ്പെഷൽ സർവിസ് പ്രഖ്യാപിച്ചിരുന്നു.
വെള്ളിയാഴ്ച രാവിലെ 6.55ന് ഹുബ്ബള്ളിയിൽ നിന്നും പുറപ്പെട്ട് 2.15ന് ബയ്യപ്പനഹള്ളി ടെർമിനലിലെത്തുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 6.45ന് കൊച്ചുവേളിയിലെത്തിച്ചേരും. ശനിയാഴ്ച ഉച്ചക്ക് 12.50ന് കൊച്ചുവേളിയിൽ നിന്ന് തിരിക്കുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 6.50ന് ഹുബ്ബള്ളിയിലെത്തും.
ഇത് കൂടാതെ, മൂന്ന് സ്പെഷൽ ട്രെയിനുകളും തെക്കൻ കേരളത്തിലേക്ക് അനുവദിച്ചിരുന്നെങ്കിലും മലബാറിലെ യാത്രക്കാർക്ക് നാടണയാൻ ഇത്തവണയും സ്പെഷൽ ട്രെയിനില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.