മംഗളൂരു: ഉഡുപ്പി ജില്ലയിലെ ഉപ്പുണ്ട ഗ്രാമ പഞ്ചായത്ത് വിതരണം ചെയ്ത കുടിവെള്ളത്തിൽ മാലിന്യം കലർന്നതിനെത്തുടർന്ന് മഡികൽ, കാർകികാളി ഗ്രാമവാസികൾ കോളറ രോഗ ഭീതിയിൽ.
വെള്ളിയാഴ്ച ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയ ആയിരത്തിലേറെ പേരിൽ 145 ഗ്രാമീണർ കോളറയെന്ന് സംശയിക്കുന്ന ഛർദി -അതിസാര ബാധിതരാണെന്ന് ആരോഗ്യ, റവന്യൂ അധികൃതർ പറഞ്ഞു. ഇവരുടെ വിസർജ്യം രാസപരിശോധനക്ക് വിധേയമാക്കി.
റിപ്പോർട്ട് വന്നാൽ മാത്രമേ കോളറ സ്ഥിരീകരിക്കാനാവൂ. മുൻകരുതലോടെ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ബൈന്തൂർ, കുന്താപുരം ഗവ. ആശുപത്രികളിൽ കഴിയുന്ന മൂന്നു പേർ കോളറ ബാധിതരാണെന്നും ആരോഗ്യ പ്രവർത്തകർ വെളിപ്പെടുത്തി. എന്നാൽ അവരുടെയും
പരിശോധന റിപ്പോർട്ട് വന്നാൽ മാത്രമേ ഔദ്യോഗിക സ്ഥിരീകരണം ലഭിക്കുകയുള്ളൂ.തഹസിൽദാർ കെ. പ്രദീപ്, താലൂക്ക് പഞ്ചായത്ത് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ എം. ഭാരതി, ജില്ല ആരോഗ്യ ഓഫിസർ ഡോ. ഐ.പി. ഗഡദ്, താലൂക്ക് മെഡിക്കൽ ഓഫിസർ ഡോ. ജി. രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ സംഘം ശനിയാഴ്ച പ്രശ്ന ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് ഗ്രാമ നിവാസികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. ശുദ്ധജലം ലഭ്യമാക്കാൻ നടപടി സ്വീകരിച്ചുവരുന്നതായി പഞ്ചായത്ത് പ്രസിഡന്റ് മോഹൻചന്ദ്ര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.