ബംഗളൂരു: നഗരത്തിൽ രാത്രിയിൽ പുറത്തിറങ്ങിയ ദമ്പതികൾക്ക് പിഴ ചുമത്തിയ പൊലീസ് നടപടി വിവാദമാവുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ നഗരത്തിലിറങ്ങിയ ദമ്പതികളോടാണ് പൊലീസ് പിഴയായി 1000 രൂപ ഈടാക്കിയത്. രാത്രി 11ന് ശേഷം റോഡിലിറങ്ങി എന്നതാണ് ഇവർ ചെയ്ത കുറ്റം.
പിറന്നാൾ കേക്ക് മുറിക്കുന്ന ചടങ്ങിന് പോയി വരുന്നതിനിടെയാണ് ദമ്പതികൾക്ക് പൊലീസ് പിഴയീടാക്കിയത്. സംഭവം വിവാദമായതോടെ, പൊലീസ് അന്വേഷണം നടത്തുകയും സാംപിഗെഹള്ളി പൊലീസ് സ്റ്റേഷൻ കോൺസ്റ്റബിൾ, ഹെഡ് കോൺസ്റ്റബിൾ എന്നിവരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
മന്യത ടെക് പാർക്കിന് സമീപം താമസിക്കുന്ന കാർത്തിക് പത്രിയും ഭാര്യയുമാണ് പൊലീസിന്റെ നടപടികളിൽ വലഞ്ഞത്. ഇതു സംബന്ധിച്ച് കാർത്തിക് ട്വീറ്റ് ചെയ്ത് ബംഗളൂരു സിറ്റി പൊലീസ് കമീഷണറോട് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
താനും ഭാര്യയും സുഹൃത്തിന്റെ പിറന്നാൾ ആഘോഷം കഴിഞ്ഞ് തിരികെ വരുമ്പോൾ വീടിന് തൊട്ടുമുന്നിൽവെച്ച് പൊലീസ് തടഞ്ഞുനിർത്തുകയും ചോദ്യം ചെയ്യുകയും ചെയ്തു. തിരിച്ചറിയൽ കാർഡുകൾ ആവശ്യപ്പെടുകയും വ്യക്തിവിവരങ്ങൾ ചോദിക്കുകയും ചെയ്തു. തുടർന്ന് ചലാൻ എഴുതാൻ തുടങ്ങി. അന്വേഷിച്ചപ്പോൾ രാത്രി 11ന് ശേഷം പുറത്തിറങ്ങി കറങ്ങിനടക്കുന്നതിന് 3000 രൂപ പിഴ നൽകണമെന്നാണ് മറുപടി ലഭിച്ചതെന്ന് കാർത്തിക് പറഞ്ഞു.
പൊലീസുകാരുമായി നീണ്ട വാക്തർക്കമുണ്ടാവുകയും ഒടുവിൽ 1000 രൂപ നൽകാൻ ആവശ്യപ്പെടുകയുമായിരുന്നു. അത് പേ ടി.എം വഴി പൊലീസ് ഈടാക്കി. പുറത്തിറങ്ങി നടക്കരുതെന്ന മുന്നറിയിപ്പും നൽകിയാണ് ഇവരെ വിട്ടയച്ചത്. മുതിർന്ന രണ്ട് പൗരന്മാർക്കാണ് ഇത്തരത്തിൽ അപമാനം നേരിട്ടതെന്നും വേണ്ട നടപടികൾ സ്വീകരിക്കണമെന്നും കാർത്തിക് ആവശ്യപ്പെട്ടു.
ഐ.ടി തലസ്ഥാനമായ ബംഗളൂരുവിൽ വിദേശ കമ്പനികളടക്കം ആയിരക്കണക്കിന് സ്ഥാപനങ്ങളാണുള്ളത്. മിക്കതും രാത്രിയിലടക്കം പ്രവർത്തിക്കുന്നവ. അതിനാൽതന്നെ ഇതടക്കമുള്ള കാരണങ്ങളാൽ രാത്രിയാത്ര സജീവമാണ് നഗരത്തിൽ. എന്നാൽ, ബംഗളൂരു പൊലീസിന് ഇതൊന്നും അറിയില്ലെന്ന വിമർശനമാണ് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.