ബംഗളൂരു: മാണ്ഡ്യയിൽ കോൺഗ്രസിന്റെ പ്രജധ്വനി യാത്രക്കിടെ പ്രചാരണ വാഹനത്തിന്റെ മുകളിൽനിന്ന് 500 രൂപയുടെ നോട്ടുകൾ താഴേക്ക് എറിഞ്ഞുനൽകിയ സംഭവത്തിൽ കോൺഗ്രസ് കർണാടക അധ്യക്ഷൻ ഡി.കെ. ശിവകുമാറിനെതിരെ മാണ്ഡ്യ റൂറൽ പൊലീസ് കേസെടുത്തു. തെരഞ്ഞെടുപ്പ് കമീഷന് നല്കിയ പരാതിയെ തുടര്‍ന്ന് മാണ്ഡ്യ കോടതി നിർദേശപ്രകാരമാണ് കേസ്.
നേരത്തേതന്നെ ഗൗരവമല്ലാത്ത വകുപ്പ് ചേർത്ത് പൊലീസ് കേസെടുത്തിരുന്നു. എന്നാൽ, തുടർനടപടികൾക്കായി കോടതി നിർദേശം കാത്തിരിക്കുകയാണെന്നാണ് പൊലീസ് പറഞ്ഞത്.
മാർച്ച് 28ന് ശ്രീരംഗപട്ടണയിലെ ബേവിനഹള്ളിക്കു സമീപം കോൺഗ്രസ് പ്രജധ്വനി യാത്രയിലാണ് കേസിനാസ്പദമായ സംഭവം. റാലിയിൽ കലാപ്രകടനം കാഴ്ചവെച്ച കലാകാരന്മാർക്കിടയിലേക്ക് 500 രൂപ നോട്ടുകൾ എറിഞ്ഞുനൽകുകയായിരുന്നുവെന്നാണ് ശിവകുമാറിന്റെ വിശദീകരണം. കൂടിനിന്ന ആളുകള്‍ക്കിടയില്‍ ചിലര്‍ ദൈവവിഗ്രഹങ്ങള്‍ തലയില്‍ ചുമന്നു നില്‍ക്കുന്നുണ്ടായിരുന്നുവെന്നും വിഗ്രഹങ്ങളിലേക്കാണ് താന്‍ നോട്ടുകളെറിഞ്ഞതെന്നും ശിവകുമാർ വിശദീകരിക്കുന്നു. സംഘടന ശേഷി കൂടുതലുള്ള കർണാടകയിൽ ഇത്തവണ ഭരണം തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് കോൺഗ്രസ്.
അഴിമതിയിൽ മുങ്ങിക്കുളിച്ച കർണാടകയിലെ ബി.ജെ.പി സർക്കാറിനെ എത്രവേഗം പടിയിറക്കുന്നുവോ അത് സംസ്ഥാനത്തിനും രാജ്യത്തിനും അത്രയും നല്ലതെന്ന് കഴിഞ്ഞ ദിവസം ശിവകുമാർ പറഞ്ഞിരുന്നു. കോൺഗ്രസ് തെരഞ്ഞെടുപ്പിന് തയാറാണ്, ഈ സർക്കാറിനെ പിരിച്ചുവിടണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. വികസനത്തിനും അഴിമതിരഹിത ഭരണത്തിനുമാണ് കോൺഗ്രസ് വോട്ടുതേടുന്നത്.
കർണാടകയിൽ ബി.ജെ.പി അഴിമതിയിൽ മുങ്ങി. അഴിമതിയെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് പ്രധാനമന്ത്രി മോദിയുടേത്. കർണാടകയിലെ പാർട്ടി നേതാക്കൾക്കെതിരെ ഒരു നടപടിയും സ്വീകരിക്കുന്നില്ല.
യുവാക്കളുടെ തൊഴിലവസരങ്ങളൊന്നാകെ ബി.ജെ.പി ഇല്ലായ്മ ചെയ്തു. 224 സീറ്റുകളുള്ള കർണാടക നിയമസഭയിലേക്ക് മേയ് 10ന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ മേയ് 13ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.