ബംഗളൂരു: യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തിൽ അഞ്ചുപേരെ ബെളഗാവി പൊലീസ് അറസ്റ്റ് ചെയ്തു. സെപ്റ്റംബർ അഞ്ചിന് നടന്ന സംഭവം 18ന് പ്രതികളിലൊരാൾ കവർച്ച കേസിൽ പിടിയിലായതോടെയാണ് പുറത്തുവന്നത്. ഗോഖക് സ്വദേശികളായ രമേശ് ഉദ്ദപ്പ കിലാരി, ദുർഗപ്പ സോമലിംഗ, യല്ലപ്പ സിദ്ധപ്പ, കൃഷ്ണപ്രകാശ് പൂജാരി, രാമസിദ്ധ ഗുരുസിദ്ധപ്പ എന്നിവരാണ് അറസ്റ്റിലായത്. ഒളിവിലുള്ള കേസിലെ ആറാം പ്രതി ബസവരാജ് വസന്ത് കിലാരിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
മാനഭംഗത്തിനിരയായ യുവതിയുടെ സുഹൃത്താണ് വസന്ത് കിലാരി. യുവതിയെയും കാമുകനെയും വസന്ത് വീട്ടിലേക്ക് ചായകുടിക്കാൻ ക്ഷണിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ഇവരെ പൂട്ടിയിട്ട ശേഷം കൂട്ടുകാരെ വിളിച്ചുവരുത്തി.
പ്രതികളെല്ലാവരും ചേർന്ന് യുവതിയെയും കാമുകനെയും മർദിക്കുകയും നഗ്ന ചിത്രങ്ങൾ പകർത്തുകയും ചെയ്തു. യുവതിയുടെ ബാഗിൽനിന്ന് പണവും ആഭരണങ്ങളും എ.ടി.എം കാർഡുമടക്കം തട്ടിയെടുത്തതായും പൊലീസ് പറഞ്ഞു. പിന്നീട് യുവതിയെ കൂട്ട ബലാൽസംഗം ചെയ്ത ശേഷം വിട്ടയച്ചു. പൊലീസിൽ അറിയിച്ചാൽ കൊല്ലുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തി.
സെപ്റ്റംബർ 18ന് കവർച്ച കേസുമായി ബന്ധപ്പെട്ട് നാല് പ്രതികളെ പിടികൂടിയ പൊലീസ് ഇവരെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കൂട്ട ബലാത്സംഗം അടക്കം പല കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടതായി പ്രതികൾ സമ്മതിച്ചത്.
ഇവരിൽനിന്ന് ആറ് ബൈക്കുകൾ, ഒമ്പത് മൊബൈൽഫോണുകൾ, ചരക്കുവാഹനം എന്നിവയും കണ്ടെടുത്തു. പീഡനത്തിരയായ യുവതിയെ സെപ്റ്റംബർ 29ന് കണ്ടെത്തിയ പൊലീസ് അവരെ പറഞ്ഞുബോധ്യപ്പെടുത്തിയ ശേഷം പരാതി നൽകിക്കുകയായിരുന്നു. ഈ കേസിൽ ഒക്ടോബർ ഒന്നിന് രമേശ് ഉദ്ധപ്പ കിലാരിയുടെയും അറസ്റ്റ് രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.