ബംഗളൂരു: റെയിൽ, റോഡ് ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെട്ടതോടെ മൈസൂരു വിനോദ സഞ്ചാരമേഖല കുതിപ്പിലാണ്. എന്നാൽ, വിമാന സർവിസുകൾ പലതും മുടങ്ങിക്കിടക്കുന്നത് വിദേശ വിനോദ സഞ്ചാരികളുടെ സന്ദർശനത്തെ ബാധിക്കുന്നു.
കൊച്ചിയിലേക്കും ഗോവയിലേക്കുമുള്ള വിമാന സർവിസുകൾ രണ്ടുവർഷത്തോളമായി മുടങ്ങിയിരിക്കുകയാണ്. സർവിസുകൾ പുനരാരംഭിക്കണമെന്ന് ആവശ്യമുയർന്നിട്ടും നടപടികളുണ്ടാകുന്നില്ലെന്ന ആക്ഷേപമുണ്ട്. മൈസൂരുവിൽ കഴിഞ്ഞ സാമ്പത്തികവർഷം 40 ലക്ഷം സഞ്ചാരികൾ എത്തിയതായാണ് കണക്ക്. കോവിഡ്കാല പ്രതിസന്ധിക്കുശേഷം ആദ്യമായാണ് സഞ്ചാരികളുടെ എണ്ണത്തിൽ ഇത്രയധികം വർധന. സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന മൈസൂരു കൊട്ടാരം 40.56 ലക്ഷം പേർ സന്ദർശിച്ചതായാണ് കണക്ക്.
മൈസൂരു-ബംഗളൂരു അതിവേഗപാത യാഥാർഥ്യമായത് സന്ദർശകർ കൂടാൻ കാരണമായി കണക്കാക്കുന്നു. രണ്ട് വന്ദേഭാരത് മൈസൂരുവിലെത്തുന്നുമുണ്ട്. വിവിധ നഗരങ്ങളിൽനിന്നുള്ള മറ്റു ട്രെയിനുകളും സന്ദർശകരെ ആകർഷിക്കുന്നുണ്ട്. മൈസൂരുവിൽനിന്ന് ബംഗളൂരു, ബെളഗാവി, മംഗളൂരു എന്നിവിടങ്ങളിലേക്കുള്ള വിമാന സർവിസുകളും മുടങ്ങിയിരിക്കുകയാണ്. ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് മാത്രമാണ് വിമാന സർവിസുള്ളത്.
മൈസൂരുവിനെ കൊച്ചിയുമായും ഗോവയുമായും ബന്ധിപ്പിച്ചുള്ള വിമാന സർവിസുകളുണ്ടെങ്കിൽ ആ നഗരങ്ങളിലെത്തുന്ന വിനോദസഞ്ചാരികൾക്ക് മൈസൂരുവിലേക്കും എളുപ്പത്തിലെത്താനാകും. വിദേശസഞ്ചാരികളുടെ യാത്രാറൂട്ടിൽ മൈസൂരു കൂടുതലായി ഇടംപിടിക്കാൻ ഇത് വഴിതെളിക്കും. ഈ സാധ്യതയാണ് ഇപ്പോൾ അടഞ്ഞിരിക്കുന്നത്.
ചെറിയ വിമാനങ്ങൾ മാത്രമിറങ്ങാൻ ശേഷിയുള്ള വിമാനത്താവളമാണ് മൈസൂരുവിലേത്. ഇത്തരം വിമാനങ്ങൾ ലഭിക്കാത്തതാണ് കൂടുതൽ സർവിസുകൾ ഇവിടെനിന്നാരംഭിക്കാൻ തടസ്സമെന്നാണ് അധികൃതരുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.