മംഗളൂരു: നിയമത്തെ വെല്ലുവിളിച്ച നിയമനിർമാണ സഭാംഗം ഒടുവിൽ നിയമത്തിന് വഴങ്ങി. പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും തെരുവിൽ വെല്ലുവിളി നടത്തുകയും ചെയ്ത ബി.ജെ.പി എം.എൽ.എ ഹരീഷ് പൂഞ്ച ബെൽത്തങ്ങാടി പൊലീസ് സ്റ്റേഷനിൽ ഹാജരായി. ശേഷം അദ്ദേഹത്തെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
ബെൽത്തങ്ങാടി പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തി, അനുമതിയില്ലാതെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ ഭീഷണി മുഴക്കി എന്നീ കേസുകളിൽ പ്രതിയാണ് എം.എൽ.എ. അറസ്റ്റിലായ അനധികൃത ക്വാറി നടത്തിപ്പുകാരൻ യുവമോർച്ച നേതാവ് ശശിരാജ് ഷെട്ടിയെ വിട്ടയക്കണം എന്നാവശ്യപ്പെട്ട് എം.എൽ.എയുടെ നേതൃത്വത്തിൽ ശനിയാഴ്ച അർധരാത്രി ഒരു മണിവരെ പൊലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. പിറ്റേന്ന് ബെൽത്തങ്ങാടി താലൂക്ക് ഓഫിസിന് മുന്നിൽ അനുമതിയില്ലാതെ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ പൊലീസ് ഉദ്യോഗസ്ഥരെ വെല്ലുവിളിക്കുകയും ചെയ്തു. ബുധനാഴ്ച എം.എൽ.എയുടെ വീട്ടിൽ പൊലീസ് സന്നാഹം എത്തിയതും ബി.ജെ.പി പ്രവർത്തകർ സംഘടിച്ചതും പ്രദേശത്ത് ഭീതിദാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. അനധികൃതമായി ക്വാറി നടത്തുകയും വൻതോതിൽ സ്ഫോടക വസ്തുക്കൾ സംഭരിക്കുകയും ചെയ്തു എന്ന കേസിൽ അറസ്റ്റിലായ യുവമോർച്ച നേതാവ് ഇപ്പോഴും ജയിലിലാണ്.
മംഗളൂരു: അറസ്റ്റിലായ റൗഡിയുടെ രക്ഷകൻ ചമഞ്ഞ് പൊലീസ് സ്റ്റേഷനിൽ ഗുണ്ടയെപ്പോലെ പെരുമാറിയ ഹരീഷ് പൂഞ്ചക്ക് ധാർമികതയുണ്ടെങ്കിൽ എം.എൽ.എസ്ഥാനം രാജിവെക്കണമെന്ന് ദക്ഷിണ കന്നട ജില്ല കോൺഗ്രസ് പ്രസിഡന്റ് ഹരീഷ് കുമാർ എം.എൽ.സി ആവശ്യപ്പെട്ടു. ബെൽത്തങ്ങാടി എം.എൽ.എയുടെ പ്രവൃത്തി ആ മണ്ഡലത്തിലെ ജനങ്ങളെയാകെ നാണം കെടുത്തി. മുൻ ബെൽത്തങ്ങാടി എം.എൽ.എ വസന്ത ബങ്കര കാത്തുസൂക്ഷിച്ച ജനകീയ മുഖമാണ് റൗഡിക്കുവേണ്ടി ഹരീഷ് പൂഞ്ച നഷ്ടപ്പെടുത്തിയത്. ഇതോടെ പൂഞ്ചക്ക് എം.എൽ.എ മുഖം ഇല്ലാതായെന്ന് ഹരീഷ് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.