ബംഗളൂരു: എക്സ് പ്ലാറ്റ്ഫോമിലെ ബി.ജെ.പിയുടെ ഔദ്യോഗിക അക്കൗണ്ടിലും പത്രപരസ്യങ്ങളിലുമായി വ്യാജവാർത്തകളും വിദ്വേഷങ്ങളും പ്രചരിപ്പിച്ച് ജനപ്രാതിനിധ്യനിയമം ലംഘിച്ചതിന് പരാതി നൽകി വിവിധ പൗരാവകാശ സംഘടന പ്രതിനിധികൾ.
എക്സ് പ്ലാറ്റ്ഫോമിലൂടെ ബി.ജെ.പി പുറത്തുവിട്ട വിഡിയോ നഗ്നമായ വിദ്വേഷമാണ്. മുസ്‍ലിംകൾക്ക് മതാടിസ്ഥാനത്തിൽ സംവരണം നൽകുന്നു എന്ന ബി.ജെ.പിയുടെ പത്രപരസ്യം വ്യാജവാർത്തയാണ്. വിഡിയോ ഉടൻ നീക്കം ചെയ്യാനാവശ്യപ്പെടണം, ഇത്തരം വിഷയങ്ങളിൽ കർശന നടപടികളെടുക്കണം, മേയ് 5ലെ ബി.ജെ.പിയുടെ പത്രപരസ്യത്തിലെ തെറ്റായ അവകാശവാദങ്ങൾ സംബന്ധിച്ച് പരസ്യത്തിന്റെ അതേ വലുപ്പത്തിൽ ഉടൻ മാപ്പപേക്ഷ പ്രസിദ്ധീകരിക്കാൻ ബി.ജെ.പി കർണാടക ഘടകത്തോട് നിർദേശിക്കുക തുടങ്ങിയ ആവശ്യങ്ങളും പരാതിയിൽ പറയുന്നു. ബഹുത്വ കർണാടക, കാമ്പയിൻ അഗൈൻസ്റ്റ് ഹേറ്റ് സ്പീച്ച്, നാവെദ്ദു നീലദിഡ്ഡരെ, പീപ്ൾസ് യൂനിയൻ ഫോർ സിവിൽ ലിബർട്ടീസ്, ഓൾ ഇന്ത്യ ഡെമോക്രാറ്റിക് വുമൺസ് അസോസിയേഷൻ, ഓൾ ഇന്ത്യ ലോയേഴ്സ് അസോസിയേഷൻ ഫോർ ജസ്റ്റിസ് തുടങ്ങിയ സംഘടനകളിലെ പ്രതിനിധികളായിരുന്നു സംഘത്തിലുണ്ടായിരുന്നത്.
വിഷയത്തിൽ എഫ്.ഐ.ആർ ഫയൽ ചെയ്തിട്ടുണ്ടെന്നും കമീഷൻ എക്‌സുമായി ബന്ധപ്പെട്ട് വിഡിയോ നീക്കം ചെയ്യാൻ ശ്രമിക്കുകയാണെന്നും കർണാടക മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ പ്രതിനിധിസംഘത്തെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.