ബംഗളൂരു: വിദ്വേഷ വിഡിയോ പ്രചരിപ്പിച്ചുവെന്ന കേസിൽ കർണാടക ബി.ജെ.പി ഐ.ടി സെൽ തലവൻ പ്രശാന്ത് മകനൂരിനെ കസ്റ്റഡിയിലെടുത്തു. വിദ്വേഷവും വ്യാജവാർത്തയും പ്രചരിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ്, വിവിധ പൗരാവകാശ സംഘടനകൾ എന്നിവർ തെരഞ്ഞെടുപ്പ് കമീഷനും കെ.പി.സി.സി കർണാടക മീഡിയ വിഭാഗം ചെയർമാൻ രമേശ് ബാബു ബംഗളൂരു പൊലീസിലും പരാതി നൽകിയിരുന്നു.
സിദ്ധരാമയ്യയും രാഹുൽ ഗാന്ധിയും ചേർന്ന് മുസ്ലിം പ്രീണനം നടത്തുന്നു എന്നാരോപിക്കുന്ന വിഡിയോയിൽ എസ്.സി, എസ്.ടി സമുദായങ്ങളോട് പ്രത്യേക സ്ഥാനാർഥിക്ക് വോട്ട് ചെയ്യരുതെന്നും ആവശ്യപ്പെട്ടിരുന്നു. ജനപ്രാതിനിധ്യ നിയമപ്രകാരം സമൂഹത്തിൽ ശത്രുത, വിദ്വേഷം തുടങ്ങിയവ സൃഷ്ടിക്കുന്നതോ പ്രോത്സാഹിപ്പിക്കുന്നതോ ആയ പ്രസ്താവനകൾക്കെതിരെയുള്ള വകുപ്പ് പ്രകാരം കേസെടുക്കണമെന്നാണ് പരാതികളിൽ ആവശ്യപ്പെട്ടിരുന്നത്.
കഴിഞ്ഞ ദിവസം ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, പാർട്ടി സമൂഹമാധ്യമ തലവൻ അമിത് മാളവ്യ തുടങ്ങിയവരോട് ഹാജരാവാനാവശ്യപ്പെട്ട് ബംഗളൂരു പൊലീസ് നോട്ടീസ് അയച്ചിരുന്നു. വിഡിയോ നീക്കം ചെയ്യാൻ മൈക്രോ ബ്ലോഗിങ് സൈറ്റായ എക്സിനോടും ആവശ്യപ്പെട്ടിരുന്നു. ഇന്നലെ എക്സ് വിഡിയോ നീക്കം ചെയ്തു. ഇതിനു പുറമെ ഹൊസ്ക്കോട്ടെയിൽ അവിമുക്തേശ്വര ക്ഷേത്രത്തിലെ ഉത്സവാഘോഷ കമ്മിറ്റിയിൽ മുസ്ലിം വിഭാഗത്തിൽപെട്ടയാളെക്കൂടി ഉൾപ്പെടുത്തിയത് ബി.ജെ.പി വിദ്വേഷം പ്രചരിപ്പിക്കാനുപയോഗിച്ചിരുന്നു.
അഹിന്ദുക്കളെ കമ്മിറ്റിയിൽ ഉൾപ്പെടുത്തിക്കൊണ്ട് സിദ്ധരാമയ്യ സർക്കാർ ഹിന്ദു ക്ഷേത്രങ്ങളെ കൊള്ളയടിക്കുകയാണെന്ന് ബി.ജെ.പിയുടെ ഔദ്യോഗിക അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു. ഇത് എത്രയോ കാലങ്ങളായിട്ടുള്ള ആചാരമാണെന്നും ബി.ജെ.പി സർക്കാർ ഭരിക്കുമ്പോഴും ഇങ്ങനെയായിരുന്നുവെന്നുമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
മുൻ വർഷങ്ങളിലെ ഹൊസ്ക്കോട്ടെ തഹസിൽദാറുടെ ഉത്തരവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഐ.ടി സെൽ തലവനെ കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളെതുടർന്ന് ഈ പോസ്റ്റും സമൂഹമാധ്യമ അക്കൗണ്ടിൽനിന്ന് നീക്കം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.