ബംഗളൂരു: വരൾച്ചയിൽ ആശ്വാസം വർഷിച്ച മഴക്ക് പിറകെ ദുരിതങ്ങളും പെയ്തെന്ന് പരാതി. ദീർഘനേരത്തെ വൈദ്യുതി മുടക്കം, ഗതാഗത തടസ്സം, അടിപ്പാതകളിൽ വെള്ളം കെട്ടിക്കിടക്കൽ എന്നിവ ദുരിതമായെന്നാണ് പരാതി.
മഴ മാറി മണിക്കൂർ കഴിഞ്ഞിട്ടും വൈദ്യുതി പുനഃസ്ഥാപിച്ചില്ലെന്ന് ഇന്ദിരാനഗറിലെ ഈശ്വര ലേഔട്ടിലെ താമസക്കാർ പരാതിപ്പെട്ടു. വൈദ്യുതി വിതരണ കമ്പനിയായ ‘ബെസ്കോം’ അധികൃതരുമായി പ്രദേശത്തെ താമസക്കാർ ബന്ധപ്പെടാൻ നിരവധി തവണ ശ്രമിച്ചിട്ടും പ്രതികരിച്ചില്ല. അതേസമയം, വലിയ തടസ്സങ്ങളോ സർക്യൂട്ട് തകരാറുകളോ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ബെസ്കോം അവകാശപ്പെടുന്നത്. പുതുമഴയിലെ തടസ്സങ്ങൾ സാധാരണവും ഒഴിവാക്കാനാകാത്തതാണെന്നും പറഞ്ഞു.
വേനൽക്കാലത്ത് വൈദ്യുതിലൈനുകൾ ചൂടാകുന്നതിനാൽ മഴ പെയ്യുമ്പോൾ അവ കേടാകാനുള്ള സാധ്യത കൂടുതലാണ്. പരാതി ലഭിച്ച് മണിക്കൂറുകൾക്കകം വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചുവെന്നും അവകാശപ്പെട്ടു. വാഹനങ്ങൾ വഴുതി നഗരത്തിലുടനീളം അപകടങ്ങൾ സംഭവിച്ചു. ഇരുചക്ര വാഹനങ്ങളാണ് കൂടുതലെന്ന് ട്രാഫിക് അസി. പൊലീസ് കമീഷണർ എ.എൻ. അനുചേത് പറഞ്ഞു. ഗതാഗത തടസ്സങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മഴയെത്തുടർന്ന് കാവേരിക്കും വിൻഡ്സറിനും ഇടയിലുള്ള സങ്കി റോഡിലും പിജി ഹള്ളി പ്രദേശത്തും ഇരുചക്രവാഹനത്തിലെത്തിയ എട്ടോളം പേർ തെന്നിവീണ് ആശുപത്രിയിലാണ്. മഴ കാരണം ബ്രൂം റെയിൻട്രീയുടെ വിവിധയിനം കായ്കൾ വീഴുകയും വാഹനങ്ങളുടെ ടയറുകൾക്കടിയിൽ ചതഞ്ഞരഞ്ഞ് വഴുവഴുപ്പുള്ള ദ്രാവകം പുറത്തായതും തെന്നിവീഴാൻ കാരണമെന്ന് അദ്ദേഹം വിശദീകരിച്ചു. രാമമൂർത്തി നഗർ അടിപ്പാതയിൽ വെള്ളം കെട്ടിനിന്ന് ഗതാഗതം തടസ്സപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.