ബംഗളൂരു: സംസ്ഥാനത്ത് തീരദേശ ജില്ലകളിൽ കനത്ത മഴയിൽ വൻ നാശം, തിങ്കളാഴ്ച വരെ മൂന്നുപേരാണ് മഴക്കെടുതിയിൽ മരിച്ചത്. ദക്ഷിണകന്നട, ഉഡുപ്പി, ഉത്തരകന്നട ജില്ലകളിൽ ചൊവ്വാഴ്ച രാവിലെ 8.30 വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച 204.5 മില്ലി മീറ്ററിന് മുകളിൽ മഴ പെയ്യുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഉഡുപ്പി ജില്ലയിൽ ഗോകുൽദാസ് പ്രഭു, ശരത്കുമാർ, 13കാരി രചന എന്നിവരാണ് മരിച്ചത്.
കൊല്ലൂർ അരസിനഗുണ്ടി വെള്ളച്ചാട്ടം വീക്ഷിക്കുന്നതിനിടെ തെന്നിവീണ് സൗപർണിക നദിയിൽ ഒഴുക്കിൽപെട്ടാണ് ശിവമൊഗ്ഗ സ്വദേശി മുനിസ്വാമിയുടെ മകൻ ശരത്കുമാർ (23) മരിച്ചത്. കൂട്ടുകാർക്കൊപ്പം വിഡിയോക്ക് പോസ് ചെയ്യുന്നതിനിടെയാണ് യുവാവ് വീണത്. ഉഡുപ്പി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ല ഭരണകൂടം ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദക്ഷിണ കന്നട ജില്ലയിലെ കദബ താലൂക്കിലും സുള്ള്യ താലൂക്കിലും അവധി നൽകിയിട്ടുണ്ട്.
കനത്ത മഴയിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കനത്ത നാശം തുടരുകയാണ്. കുടക്, ഉത്തര കന്നട ജില്ലകളിൽ സ്കൂളുകൾക്ക് കഴിഞ്ഞ ദിവസം അവധി നൽകിയിരുന്നു. ധാർവാർഡ് ജില്ലയിൽ കനത്ത നഷ്ടമുണ്ടായിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാണ്. തൊഴുത്തിന്റെ ഭിത്തി തകർന്ന് കഴിഞ്ഞ ദിവസം പോത്ത് ചത്തു. ചിക്കമഗളൂരുവിലെ ഹെബ്ബലെ പാലം വെള്ളത്തിനടിയിലായി.
ദക്ഷിണ കന്നട ജില്ലയിലെ ബന്ത്വാളിൽ പാലത്തിൽ വെള്ളം കയറിയതിനെ തുടർന്ന് കുടുങ്ങിയ പിക്കപ്പ് വാൻ നാട്ടുകാരാണ് കരക്കെത്തിച്ചത്. ഹാസൻ ജില്ലയിൽ കനത്ത മഴയിൽ ദേശീയപാത 75ൽ മണ്ണിടിഞ്ഞു. തുംഗഭദ്ര അണക്കെട്ടിൽ ജലനിരപ്പ് കൂടിയതോടെ വെള്ളം തുറന്നുവിട്ടിരുന്നു. ബെളഗാവി ജില്ലയിലും നാശനഷ്ടമുണ്ട്. ധാർവാർഡ് ജില്ലയിൽ കനത്ത മഴയിൽ 24 വീടുകൾക്ക് കേടുപാട് സംഭവിച്ചു. കന്നുകാലികൾക്കും ജീവഹാനി ഉണ്ടായിട്ടുണ്ട്.
അതിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ മഴക്കെടുതി സംബന്ധിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ ചീഫ് സെക്രട്ടറി വന്ദിത ശർമയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വിവിധ ജില്ലകളിലെ നാശനഷ്ടങ്ങൾ സംബന്ധിച്ച വിവരങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.