ബംഗളൂരു: 2019നു മുമ്പ് രജിസ്റ്റർ ചെയ്ത വാഹനങ്ങളിൽ ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റ് (എച്ച്.എസ്.ആർ.പി) ഘടിപ്പിക്കാനുള്ള സമയം സെപ്റ്റംബർ 15ന് അവസാനിക്കും. 16 മുതൽ എച്ച്.എസ്.ആർ.പിയിലേക്ക് മാറാത്ത വാഹനങ്ങൾക്ക് 500 രൂപ പിഴയീടാക്കും. സർക്കാർ നിരവധി തവണ സമയം നീട്ടി നൽകിയിരുന്നെങ്കിലും വാഹനമുടമകൾ വേണ്ടത്ര താൽപര്യം കാണിച്ചിരുന്നില്ല. 2019 ഏപ്രിൽ ഒന്നിനുമുമ്പ് രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ നമ്പർ പ്ലേറ്റാണ് മാറ്റേണ്ടത്.
തിങ്കളാഴ്ച മുതൽ ആർ.ടി.ഒയും ട്രാഫിക് പൊലീസും നഗരത്തിൽ കർശന പരിശോധനകൾ നടത്തും. സംസ്ഥാനത്തെ രണ്ട് കോടി വാഹനങ്ങളിൽ 1.49 കോടി വാഹനങ്ങളിലും എച്ച്.എസ്.ആർ.പി ഘടിപ്പിച്ചിട്ടില്ല എന്നാണ് ഗതാഗത വകുപ്പിന്റെ കണക്ക്. സർക്കാർ വാഹനങ്ങളിൽ പകുതിയിൽ കൂടുതൽ വാഹനങ്ങളിലും ഇവ ഘടിപ്പിച്ചിട്ടില്ല. ആദ്യത്തെ തവണ 500 രൂപയും ആവർത്തിച്ചാൽ 1000 രൂപയുമാണ് പിഴത്തുക. രാജ്യത്തുടനീളം ഏകീകൃത നമ്പർ പ്ലേറ്റ് സംവിധാനം കൊണ്ടുവരാൻ വേണ്ടിയാണ് കേന്ദ്ര സർക്കാർ എച്ച്.എസ്.ആർ.പി പദ്ധതിക്ക് രൂപം നൽകിയത്. വാഹനങ്ങളിൽ വ്യാജ നമ്പറുകൾ ഘടിപ്പിക്കുന്നത് തടയുക, സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ നമ്പർ പ്ലേറ്റുകളിലൂടെ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.