ബംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച ഹൈകോടതി ഉത്തരവിനെ തുടർന്ന് കർണാടകയിൽ 17,000 വിദ്യാർഥിനികൾക്ക് പരീക്ഷയെഴുതാൻ സാധിച്ചിട്ടില്ലെന്ന് സുപ്രീംകോടതിയിൽ വാദം. ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ ഹരജി നൽകിയ മുസ്ലിം വിദ്യാർഥിനികൾക്കായി ഹാജരായ മുതിർന്ന അഭിഭാഷകനായ ഹുഫെസ അഹ്മദി ആണ് ഇക്കാര്യം കോടതിയിൽ അറിയിച്ചത്.
ഹിജാബ് വിലക്കിനെ തുടർന്ന് കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് എത്ര വിദ്യാർഥിനികൾ കൊഴിഞ്ഞുപോയി എന്ന് സുപ്രീം കോടതി ചോദിച്ചു. ഇക്കാര്യത്തിൽ കൃത്യമായ കണക്കുകളുണ്ടോ? 20, 30, 40 അല്ലെങ്കിൽ 50 പേർ ആണോ കൊഴിഞ്ഞുപോയത് എന്നും ഹേമന്ദ് ഗുപ്ത, സുധാൻഷു ധൂലിയ എന്നിവരുടെ ബെഞ്ച് ആരാഞ്ഞു. അപ്പോഴാണ് ഹിജാബ് വിലക്കിയ ഉത്തരവ് മൂലം 17,000 വിദ്യാർഥിനികൾക്ക് പരീക്ഷയെഴുതാൻ സാധിച്ചിട്ടില്ലെന്ന് അഭിഭാഷകനായ ഹുഫെസ അഹ്മദി പറഞ്ഞത്.
അഭിഭാഷകനായ തന്‍റെ സുഹൃത്ത് നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ കണക്കെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, വിദ്യാർഥിനികളുടെ കൊഴിഞ്ഞുപോക്ക് എന്ന വിഷയം ഇതുവരെ ഹൈകോടതിയിൽ ഉയർത്തിയിട്ടില്ലെന്നും അതിനാൽ തങ്ങൾ ഈ വിവരം സ്വീകരിക്കില്ലെന്നും സുപ്രീംകോടതി പറഞ്ഞു.
മദ്റസകളിലെ വിവിധ നിയന്ത്രണങ്ങളിൽപെട്ട മുസ്ലിം പെൺകുട്ടികൾ അത്തരം വിലക്കുകൾ പൊട്ടിച്ചെറിഞ്ഞ് ഹിജാബ് ധരിച്ചുകൊണ്ടുതന്നെ മതേതര വിദ്യാലയങ്ങളിൽ ഉന്നതപഠനം നടത്തുകയാണെന്നും എന്നാലിപ്പോൾ ഹൈകോടതി ഉത്തരവ് പ്രകാരം സ്കൂൾ വളപ്പിൽ ഹിജാബ് ധരിക്കാൻ കഴിയുന്നില്ലെന്നും ഇതിനാൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുകയാണെന്നും ഹുഫെസ അഹ്മദി പറഞ്ഞു.
വിഷയത്തിൽ സുപ്രീംകോടതിയിൽ വാദം തുടരുകയാണ്. സിഖുകാർക്ക് പഗ്ഡി, ഹിന്ദുക്കൾക്ക് തിലകം, ക്രിസ്ത്യാനികൾക്ക് കുരിശ് തുടങ്ങിയ മറ്റു മതപരമായ അടയാളങ്ങൾ നിരോധിച്ചിട്ടില്ലെന്നും ഈ സാഹചര്യത്തിൽ മതപരമായ വസ്ത്രമെന്ന നിലയിൽ ഹിജാബിന്‍റെ വിലക്ക് വിവേചനപരമാണെന്നും മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പറഞ്ഞു. വിഷയം ഭരണഘടന ബെഞ്ചിന് വിടണമെന്ന് കപിൽ സിബൽ അടക്കമുള്ള മുതിർന്ന അഭിഭാഷകർ ആവശ്യപ്പെട്ടിട്ടുണ്ട്.
ഹിജാബ് ധരിച്ച ആറു മുസ്‍ലിം വിദ്യാർഥിനികളെ ഉഡുപ്പി ഗവ. പ്രീയൂനിവേഴ്സിറ്റി കോളജിൽനിന്ന് വിലക്കിയതാണ് കർണാടകയിലെ ഹിജാബ് വിവാദത്തിന്‍റെ തുടക്കം. ഇതിനെതിരെ സംസ്ഥാനവ്യാപകമായ പ്രതിഷേധമുണ്ടായി. വിദ്യാർഥിനികളടക്കം കർണാടക ഹൈകോടതിയിൽ ഹിജാബ് ധരിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഹരജി നൽകി. എന്നാൽ, ഹിജാബ് ധരിക്കൽ ഇസ്‍ലാമിക വിശ്വാസപ്രകാരം നിർബന്ധമല്ലെന്നായിരുന്നു ഹൈകോടതിയുടെ ഇടക്കാല വിധി. ഇതിനെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരി 16ന് എല്ലാ സ്കൂളിലും ഹിജാബ് നിരോധിച്ച് കർണാടക സർക്കാർ ഉത്തരവിറക്കുകയായിരുന്നു.
ഹിജാബ് നിരോധനം: ടി.സി വാങ്ങിപ്പോകുന്നവരുടെ എണ്ണം വർധിച്ചു
ബംഗളൂരു: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനമേർപ്പെടുത്തിയതോടെ ടി.സി വാങ്ങിപ്പോകുന്ന മുസ്ലിം വിദ്യാർഥിനികളുടെ എണ്ണത്തിൽ വർധനയുണ്ടായെന്ന് വിവരാവകാശരേഖ. തലമറക്കാൻ അനുവാദമുള്ള സ്ഥാപനങ്ങളിൽ ചേരുകയാണ് ഇവരുടെ ലക്ഷ്യമെങ്കിലും ഇതിന് സാധ്യമാകാത്തവരുടെ പഠനം മുടങ്ങുന്ന സ്ഥിതിയുമുണ്ട്.
മംഗളൂരു സർവകലാശാലക്കു കീഴിലെ കോളജുകളിൽനിന്ന് മാത്രം 16 ശതമാനം മുസ്ലിം വിദ്യാർഥിനികൾ ടി.സി വാങ്ങി പോയതായി വിവരാവകാശ കണക്കുകൾ പറയുന്നു.
ഹിജാബ് ധരിക്കാതെ ക്ലാസിലിരിക്കാൻ താൽപര്യമില്ലാത്ത വിദ്യാർഥിനികൾക്ക് ടി.സി നൽകുമെന്ന് കഴിഞ്ഞ മേയിൽ മംഗളൂരു സർവകലാശാല വൈസ് ചാൻസലർ പ്രഫ. പി.എസ്. യദ്പാഥിതായ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ, വിവിധ സെമസ്റ്ററുകളിലായി ബിരുദ പഠനം നടത്തുന്ന മുസ്ലിം വിദ്യാർഥിനികളിൽ 16 ശതമാനം പേർ ടി.സി വാങ്ങിയതായാണ് വിവരാവകാശ ചോദ്യത്തിന് മറുപടി ലഭിച്ചത്. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ മംഗളൂരു സർവകലാശാലക്കു കീഴിലെ കോളജുകളിൽ 2020-21, 2021-22 വർഷങ്ങളിൽ പ്രവേശനം നേടിയ 900 മുസ്ലിം വിദ്യാർഥിനികളിൽ 145 പേരാണ് ടി.സി വാങ്ങി പോയത്. ഇവരിൽ പലരും ഹിജാബ് അനുവദിക്കുന്ന മറ്റു കോളജുകളിൽ ചേർന്നപ്പോൾ മറ്റു ചിലർക്ക് സ്വകാര്യ സ്ഥാപനങ്ങളിലെ ഉയർന്ന ഫീസ് താങ്ങാനാകാതെ പഠനം അവസാനിപ്പിക്കേണ്ടിവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.