ബംഗളൂരു: കർണാടകയിലെ എഴുത്തുകാർക്കും ചിന്തകർക്കും രണ്ടുവർഷമായി ഭീഷണി നിറഞ്ഞ ഊമക്കത്തുകൾ അയച്ച സംഭവത്തിൽ തീവ്ര ഹിന്ദുത്വ സംഘടനാ പ്രവർത്തകനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
ദാവൻഗരെയിലെ ശിവാജി റാവു ജാദവാണ് (41) പിടിയിലായത്. ഇയാൾ ദാവൻഗരെ മേഖലയിലെ വിശ്വഹിന്ദു പരിഷത്തിന്റെ യുവജന വിഭാഗമായ ഹിന്ദു ജാഗരൺ വേദികെയുടെ ഭാരവാഹിയാണെന്ന് പൊലീസ് പറഞ്ഞു. അന്ധവിശ്വാസങ്ങൾ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങൾക്കെതിരെയും ആചാരങ്ങൾക്കെതിരെയും വിമർശനം ഉന്നയിച്ച എഴുത്തുകാർക്കാണ് ഇയാൾ വിവിധ ജില്ലകളിലെ വ്യത്യസ്ത പോസ്റ്റ് ഓഫിസുകൾ വഴി ഭീഷണിക്കത്തുകൾ അയച്ചത്.
നിരവധി പേർക്ക് ഇത്തരം കത്തുകൾ അയച്ചിട്ടുണ്ട്. എഴുത്തുകാർ മുഖ്യമന്ത്രി സിദ്ധരാമയ്യയെക്കണ്ട് പരാതി ഉന്നയിച്ചതിനെ തുടർന്നാണ് പൊലീസ് മേധാവി അലോക് മോഹന്റെ നിർദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചത്. ഏഴു പരാതികൾ പൊലീസിന് ലഭിച്ചിരുന്നു. പ്രതി 13 ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ്.
മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും ഇയാൾക്ക് സംഘടനാപരമായ സഹായം ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ഹിന്ദുജാഗരൺ വേദികെയുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളിൽ ഇയാൾക്കെതിരെ രണ്ട് കേസുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.