ബംഗളൂരു: കോളജ് കാമ്പസിൽ കുത്തേറ്റ് മരിച്ച വിദ്യാർഥിനി നേഹയുടെ (23) രക്ഷിതാക്കൾ വ്യാഴാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി വേദി പങ്കിട്ടു. ഹുബ്ബള്ളി-ധാർവാഡ് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ നിരഞ്ജൻ ഹിരേമത്, ഭാര്യ ഗീത എന്നിവർക്ക് വ്യാഴാഴ്ച ഹുബ്ബള്ളിയിൽ അമിത് ഷാ പ്രസംഗിച്ച എൻ.ഡി.എ തെരഞ്ഞെടുപ്പ് റാലിയുടെ വേദിയിൽ പ്രത്യേക ഇരിപ്പിടം ഒരുക്കിയിരുന്നു.
കഴിഞ്ഞ മാസം 18നാണ് ഹുബ്ബള്ളി ബി.വി.ബി കോളജ് എം.സി.എ വിദ്യാർഥിനിയും കോൺഗ്രസ് കൗൺസിലർ നിരഞ്ജൻ ഹിരേമതിന്റെ മകളുമായ നേഹ ഹിരേമത് അക്രമത്തിന് ഇരയായത്. അതേ കോളജിൽ ബി.സി.എ വിദ്യാർഥിയും ബെളഗാവി ജില്ലയിലെ സാവദത്തി സ്വദേശിയുമായ ഫയാസ് കൊണ്ടികൊപ്പയെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മകൾ ലവ് ജിഹാദിന്റെ ഇരയാണെന്ന ആരോപണവുമായി പിതാവ് പിറ്റേ ദിവസം രംഗത്ത് വന്നു. ലവ് ജിഹാദ് ആരോപിച്ച് തീവ്രഹിന്ദുത്വ സംഘടനകൾ ഹുബ്ബള്ളി-ധാർവാഡ് മേഖലകളിൽ ബന്ദ് നടത്തിയിരുന്നു.
എന്നാൽ ലവ് ജിഹാദ് ആരോപണം മുഖ്യമന്ത്രി സിദ്ധാരാമയ്യ, ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര എന്നിവർ തള്ളുകയാണ് ചെയ്തത്. ആ രീതിയിൽ കേസും ചുമത്തിയിരുന്നില്ല. വ്യാഴാഴ്ച റാലിക്ക് ശേഷം നേഹയുടെ രക്ഷിതാക്കൾ അമിത് ഷാക്ക് നിവേദനം നൽകി. കർണാടക സർക്കാർ ലവ് ജിഹാദ് അല്ലെന്ന നിലപാട് സ്വീകരിച്ചതിനാൽ സംഭവം കേന്ദ്ര ഏജൻസി അന്വേഷിക്കണം എന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. കേന്ദ്ര മന്ത്രി പ്രൾഹാദ് ജോഷി ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.