മംഗളൂരു: മംഗളൂരു സർവകലാശാലയിൽ ഡൽഹി സർവകലാശാല മുൻ പൊളിറ്റിക്കൽ സയൻസ് അസോ. പ്രഫസർ ഡോ. ശംസുൽ ഇസ്ലാം പ്രഭാഷണം നടത്തുന്നത് തടയാൻ പ്രതിഷേധം സംഘടിപ്പിച്ച എ.ബി.വി.പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ കർണാടക മേഖലയിൽനിന്ന് രക്തസാക്ഷിത്വം വരിച്ച 132 ധീരദേശാഭിമാനികളുടെ പേരുകൾ അടങ്ങിയ പോസ്റ്റർ പ്രതിഷേധത്തിനിടെ ശംസുൽ ഇസ്ലാം പ്രദർശിപ്പിച്ചു. ബി.വി. കക്കില്ലായ അനുസ്മരണപ്രഭാഷണം നടത്തിയ വേദിക്ക് പുറത്ത് തീവ്രഹിന്ദുത്വ പ്രവർത്തകർ ‘ഗോ ബാക്ക് ശംസുൽ’ പ്ലക്കാഡുകളുമായി നടത്തിയ പ്രതിഷേധം കനത്ത ബന്തവസിൽ പ്രതിരോധിച്ചാണ് പൊലീസ് ത്വരിതഗതിയിൽ അറസ്റ്റ് നടത്തിയത്.
ഒന്നാം രാജ്യസഭയിലും പ്രഥമ കർണാടക നിയമസഭയിലും അംഗമായിരുന്ന, 1919ൽ ജനിച്ച് 2012ൽ അന്തരിച്ച കമ്യൂണിസ്റ്റ് ചിന്തകനും എഴുത്തുകാരനും എ.ഐ.ടി.യു.സി നേതാവുമായിരുന്ന കക്കില്ലായയുടെ സ്വാതന്ത്ര്യസമര ജീവിതം പുതുതലമുറക്ക് പകരുകയായിരുന്നു പ്രഭാഷണദൗത്യം. 1857ലെ ഒന്നാം സ്വാതന്ത്ര്യസമര രക്തസാക്ഷിത്വം ആസ്പദമാക്കിയ പ്രഭാഷണ പരിപാടി ബംഗളൂരു ഹൊസടു മാസിക, മംഗളൂരു സമദർശി വേദി എന്നിവയുമായി സഹകരിച്ച് മംഗളൂരു സർവകലാശാല ചരിത്രവിഭാഗമാണ് സംഘടിപ്പിച്ചത്.
പ്രഭാഷകനെ തീരുമാനിച്ചത് മുതൽ തീവ്ര ഹിന്ദുത്വ സംഘടനകൾ എതിർപ്പുമായി രംഗത്തുവന്നിരുന്നു. ശനിയാഴ്ച ആദ്യം പ്ലക്കാഡുമായി പി.യുതലത്തിലെ എ.ബി.വി.പി വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിൽ സംഘാടകർ പിന്തിരിയുന്നില്ലെന്ന് അറിഞ്ഞതോടെ മുതിർന്ന വിദ്യാർഥികൾ സംഘടിച്ച് എത്തുകയായിരുന്നു. ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ രക്തസാക്ഷികളായവരിൽ 132 കർണാടകക്കാരുമുണ്ടെന്ന് പ്രഭാഷണത്തിൽ ശംസുൽ ഇസ് ലാം പറഞ്ഞു. ഇതിൽ ഹിന്ദുവും മുസ്ലിമും സിഖും പാർസിയും വിവിധ ജാതികളിൽപെട്ടവരും ഉണ്ട്. ഈ കണക്കുകളും പേരുകളും കേന്ദ്രസർക്കാറിന്റെ ഔദ്യോഗിക രേഖകളിൽനിന്ന് തന്നെയുള്ളതാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. അതേസമയം, ഇളംതലമുറയിൽ ദേശവിരുദ്ധത കുത്തിക്കയറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എ.ബി.വി.പി പ്രതിഷേധത്തിന് നേതൃത്വം നൽകിയ ശരൺ ബജെ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.