ബംഗളൂരു: ബംഗളൂരു-മൈസൂരു നിയന്ത്രിത ഹൈവേയിൽ നിയമലംഘനത്തിന്റെ പേരിൽ ഒരു മാസത്തിനിടെ പിഴയായി ഈടാക്കിയത് ഒമ്പതുകോടി രൂപ. അമിതവേഗം, സീറ്റ് ബെൽറ്റ് ധരിക്കാത്തത്, ലൈൻ ഡിസിപ്ലിൻ പാലിക്കാത്തത്, നിരോധിത വാഹനങ്ങൾ പ്രവേശിച്ചത്, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചത് തുടങ്ങി വിവിധ കേസുകളിലായാണ് ഇത്രയും രൂപ പിഴയിട്ടത്.
പാതയിൽ 12 ഇടങ്ങളിലായി സ്ഥാപിച്ച 40 എ.എൻ.പി.ആർ (ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെകഗനീഷ്യൻ) കാമറകളാണ് നിയമലംഘനങ്ങൾ ഒപ്പിയെടുത്തത്.
ജൂൺ മാസത്തിൽ മാത്രം മൈസൂരു സിറ്റി, രാമനഗര, മാണ്ഡ്യ എന്നിവിടങ്ങളിലായി 1,61,491 കേസുകൾ രജിസ്റ്റർ ചെയ്തതായി റോഡ് സുരക്ഷാ ചുമതലയുള്ള എ.ഡി.ജി.പി അലോക് കുമാർ പറഞ്ഞു. ഇതിൽ 1.3 ലക്ഷം കേസുകളും ഡ്രൈവറോ മുൻ സീറ്റിലെ യാത്രക്കാരനോ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന്റെ പേരിലാണ് രേഖപ്പെടുത്തിയത്. അമിത വേഗത്തിന് 7671 കേസുകളും ലൈൻ ഡിസിപ്ലിൻ പാലിക്കാത്തതിന് 12609 കേസുകളും മൊബൈൽ ഫോൺ ഉപയോഗിച്ചതിന് 1830 കേസുകളും രജിസ്റ്റർ ചെയ്തു.
വാഹനങ്ങൾക്കുള്ള പിഴ സ്പോട്ടിൽ തന്നെയാണ് ഈടാക്കുന്നത്. ഇതിനായി മൈസൂരു പൊലീസിന് 10ഉം രാമനഗര, മാണ്ഡ്യ പൊലീസിന് അഞ്ചു വീതവും ടാബുകൾ കൈമാറിയിട്ടുണ്ട്. എ.എൻ.പി.ആർ കാമറകൾ പിടിച്ചെടുക്കുന്ന ഗതാഗത നിയമലംഘനം ഉടൻ പൊലീസിന് കൈമാറും.
ഹൈവേയുടെ എക്സിറ്റ് പോയന്റുകളിലോ ടോൾ പ്ലാസകളിലോ കാത്തുനിൽക്കുന്ന ട്രാഫിക് പൊലീസ് നിയമലംഘനം നടത്തിയ വാഹനങ്ങൾക്ക് ഈ വിവരം കാണിക്കുകയും അവിടെ നിന്നുതന്നെ പിഴയീടാക്കുകയും ചെയ്യുമെന്ന് എ.ഡി.ജി.പി പറഞ്ഞു. ഈ രീതിയിൽ 48 ലക്ഷം രൂപ പിഴയിനത്തിൽ ഇതുവരെ ഈടാക്കിയിട്ടുണ്ട്.
മറ്റു ചില വാഹന ഡ്രൈവർമാർ ഓൺലെനായി പിഴയടക്കാമെന്ന് മറുപടി പറയാറാണ് പതിവ്. അതേസമയം, ഓൺലൈനായി പിഴയടക്കാത്തവരുടെ മേൽവിലാസത്തിൽ പൊലീസ് നേരിട്ടെത്തുമെന്നും എ.ഡി.ജി.പി മുന്നറിയിപ്പ് നൽകി. പിഴ കണ്ടെത്തുക എന്നതിനപ്പുറം അപകടങ്ങളും മരണനിരക്കും കുറക്കുകയും ഡ്രൈവർമാരിൽ അവബോധം സൃഷ്ടിക്കുകയുമാണ് ഈ നടപടികൾകൊണ്ട് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.