ബംഗളൂരു: പുതിയ പാർലമെന്റ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം രണ്ടു ചേരിയിൽ നിൽക്കെ, കർണാടകയിൽ ജെ.ഡി-എസും കോൺഗ്രസും വാക്പോരിൽ. കോൺഗ്രസിന്റേത് കപടനാട്യമാണെന്ന ജെ.ഡി-എസ് നിയമസഭ കക്ഷി നേതാവ് എച്ച്.ഡി. കുമാരസ്വാമിയുടെ വിമർശനത്തിന് കഴിഞ്ഞവർഷം രാഷ്ട്രപതി തെരഞ്ഞെടുപ്പ് ജെ.ഡി-എസ് ബഹിഷ്കരിച്ചത് ഓർമപ്പെടുത്തിയായിരുന്നു കോൺഗ്രസ് കർണാടക അധ്യക്ഷൻ ഡി.കെ. ശിവകുമാറിന്റെ മറുപടി.
പുതിയ പാർലമെന്റ് കെട്ടിടം ആർ.എസ്.എസിന്റെയോ ബി.ജെ.പിയുടെയോ ഓഫിസല്ലെന്നും രാഷ്ട്രത്തിന്റെ സ്വത്താണെന്നും ഉദ്ഘാടനത്തിൽ പങ്കെടുക്കുമെന്നും ജെ.ഡി-എസ് അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ നിലപാട് വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് കുമാരസ്വാമി രംഗത്തുവന്നത്.
‘ചില സമുദായങ്ങളെ പ്രീണിപ്പിക്കാനുള്ള രാഷ്ട്രീയ അൽപത്തമാണ് കോൺഗ്രസിന്റേതെന്ന് കുമാരസ്വാമി പറഞ്ഞു. ഛത്തിസ്ഗഢിൽ പുതിയ നിയമസഭ മന്ദിരത്തിന് തറക്കല്ലിട്ടത് ഗവർണറല്ല, രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയുമാണ്. കർണാടകയിൽ 2005ൽ വികാസ് സൗധ ഉദ്ഘാടനം ചെയ്തത് ഗവർണറായിരുന്നില്ല, അന്നത്തെ കോൺഗ്രസ് മുഖ്യമന്ത്രി ധരം സിങ്ങായിരുന്നു.
ഇതാണ് കോൺഗ്രസിന്റെ ഇരട്ടത്താപ്പ്. രാഷ്ട്രപതിയോടുള്ള കോൺഗ്രസിന്റെ സ്നേഹം കാപട്യമാണ്. ആദിവാസിയായ വനിതയെ കോൺഗ്രസ് ശരിക്കും ബഹുമാനിക്കുന്നുണ്ടെങ്കിൽ അവർക്കെതിരെ യശ്വന്ത് സിൻഹയെ സ്ഥാനാർഥിയായി നിർത്തില്ലായിരുന്നെന്നും കുമാരസ്വാമി ചൂണ്ടിക്കാട്ടി. ഞങ്ങൾ കോൺഗ്രസിന്റെ അടിമകളല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ പാർലമെന്റ് കെട്ടിടം ഉദ്ഘാടനം ചെയ്യേണ്ടത് രാഷ്ട്രപതിയാണെന്ന് ആവർത്തിച്ച ഡി.കെ. ശിവകുമാർ, തറക്കല്ലിടലും രാഷ്ട്രപതിയല്ല നിർവഹിച്ചതെന്ന് ചൂണ്ടിക്കാട്ടി. ദ്രൗപതി മുർമുവിന്റെ പേരിൽ കോൺഗ്രസ് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന കുമാരസ്വാമിയുടെ ആരോപണത്തെ, രാജ്യത്തിന്റെ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് ജെ.ഡി-എസ് ബഹിഷ്കരിച്ച കാര്യം ചൂണ്ടിക്കാട്ടിയാണ് ശിവകുമാർ നേരിട്ടത്. പ്രധാനമന്ത്രി ഈ സംവിധാനത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.