ബംഗളൂരു: കർണാടക സർക്കാർ സംഘടിപ്പിച്ച ഭരണഘടന ആമുഖ വായന ചടങ്ങിൽ പങ്കെടുത്തത് ലക്ഷങ്ങൾ. രാജ്യത്ത് ജനാധിപത്യത്തിനും മതേതരത്വത്തിനും കാവലേകുന്ന ഭരണഘടനക്കുനേരെ പോലും കേന്ദ്ര സർക്കാറിന്റെ കടന്നുകയറ്റമുണ്ടാകുന്ന സന്ദർഭത്തിലാണ് അന്താരാഷ്ട്ര ജനാധിപത്യ ദിനത്തിൽ മാനവ സാഹോദര്യം വിളിച്ചോതി ഭരണഘടന ആമുഖ വായന ചടങ്ങ് സംഘടിപ്പിച്ചത്.
ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങളെ കുറിച്ച് ബോധവത്കരണം നടത്തുകയായിരുന്നു ലക്ഷ്യം. സാമൂഹിക ക്ഷേമ വകുപ്പിന് കീഴിൽ സംഘടിപ്പിച്ച പരിപാടിയിൽ 2.3 കോടി പേരാണ് രജിസ്റ്റർ ചെയ്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റക്കായും കൂട്ടായും ഭരണഘടന ആമുഖ വായന നടന്നു. വിദ്യാർഥികൾ, ആക്ടിവിസ്റ്റുകൾ, സർക്കാർ ഉദ്യോഗസ്ഥർ, തൊഴിലാളികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ പരിപാടിയിൽ പങ്കാളികളായി. സ്കൂളുകളിലും കോളജുകളിലും സർക്കാർ ഓഫിസുകളിലും ഗ്രാമപഞ്ചായത്ത്, ജില്ല പഞ്ചായത്ത് ഓഫിസുകളിലുമടക്കം ആളുകൾ ജനാധിപത്യ കാവലിനായി പ്രതിജ്ഞയെടുത്തു.
വെള്ളിയാഴ്ച രാവിലെ 10ന് ബംഗളൂരുവിൽ വിധാൻ സൗധക്ക് മുന്നിൽ നടന്ന ഔദ്യാഗിക ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, നിയമനിർമാണ കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊരട്ടി, സാമൂഹിക ക്ഷേമ മന്ത്രി എച്ച്.സി. മഹാദേവപ്പ തുടങ്ങിയവർ പങ്കെടുത്തു. ലോകത്ത് ജനാധിപത്യത്തെ സ്വീകരിച്ച രാജ്യങ്ങളുടെ എണ്ണം അസംഖ്യമാണെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഇന്ത്യയുടെ പുരാതന ചരിത്രത്തിൽ ജനാധിപത്യം നിലനിന്നിരുന്നതായി കാണാമെന്ന് പറഞ്ഞു. ജനാധിപത്യത്തെ വളർത്തുന്നതിൽ കാര്യമായ പങ്കുവഹിച്ച ബസവേശ്വരയുടെ സംഭാവനകൾ ഓർമിച്ച മുഖ്യമന്ത്രി, ബസവേശ്വരക്ക് ആദരമർപ്പിക്കുന്നതായി പറഞ്ഞു. രാജ്യത്തിന്റെ ഭരണഘടനക്കെതിരെ നിൽക്കുന്നവർക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ഉണർത്തി.
ഭരണഘടനയെ കുറിച്ചും അതിന്റെ മൂല്യങ്ങളെ കുറിച്ചും വിദ്യാർഥികൾക്കിടയിൽ ബോധവത്കരണം ലക്ഷ്യമിട്ട് സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്പിന്റെ പ്രകാശനവും ചടങ്ങിൽ നടന്നു. കന്നട മണ്ണിന്റെ ഭൂമികയെയും വൈജാത്യങ്ങളെയും സംസ്കാരങ്ങളെയും ഓർമിപ്പിക്കുന്ന രാഷ്ട്രകവി കുവെമ്പുവിന്റെ ഗീതത്തോടെയാണ് ചടങ്ങിന് തുടക്കമായത്. ഭരണഘടനയുടെ ആമുഖത്തിന്റെ ഫ്രെയിം ചെയ്ത കോപ്പി ചടങ്ങിൽ മുഖ്യമന്ത്രിക്ക് സമ്മാനിച്ചു. ഇത് വിധാൻ സൗധയിൽ മൂന്നാം നിലയിലെ കാബിനറ്റ് ഹാളിൽ പ്രദർശിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.