മംഗളൂരു: ക്രിസ്മസ് അവധിയും പുതുവർഷവും ആഘോഷിക്കാൻ കുടകിന്റെ കുളിരും മൈസൂരുവിന്റെ മനോഹാരിതയും തേടി വിനോദസഞ്ചാരികൾ ഒഴുകുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ എത്തുന്ന 10 വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഏഴാം സ്ഥാനം ഈ സീസണിലും കുടകിനു തന്നെ. വാഹനങ്ങളുടെ അതിപ്രസരം സൃഷ്ടിക്കുന്ന ഗതാഗതക്കുരുക്ക് ആസ്വാദന സമയം പാതകളിൽ നഷ്ടമാവുന്ന സ്ഥിതിക്ക് മാറ്റമില്ല.
മൈസൂരു-ഗോണിക്കൊപ്പ റോഡിൽ മൂന്ന് കിലോമീറ്റർ വരെ നീളുന്ന വാഹന വ്യൂഹം മിക്ക വൈകുന്നേരങ്ങളിലേയും പതിവു കാഴ്ച. കുടകിലെ കാഴ്ചകൾ തേടി എത്തിയവർ ഹോട്ടലുകളും കുശാൽ നഗർ, മടിക്കേരി, വീരാജ്പേട്ട എന്നിവിടങ്ങളിലെ ഹോം സ്റ്റേ സൗകര്യങ്ങളും നേരത്തെ നിറഞ്ഞതിനാൽ ഉൾഗ്രാമങ്ങളായ കുട്ട, ശ്രീമംഗള, കനൂർ, ബിരുമണി, കടകേരി, മണ്ഡൽപത്തി, കലൂർ, മഡപ്പുര, സോമവാർപേട്ട തുടങ്ങിയ സ്ഥലങ്ങളിലെ ഹോം സ്റ്റേ പാർപ്പിടങ്ങൾ കൈയടക്കി.
മൈസൂരുവിൽ വിവിധ ഹോട്ടലുകളിലെ 10,500 മുറികൾ ജനുവരി രണ്ടുവരെ ഒഴിവില്ല. മൈസൂരുവിലെ കാഴ്ചകളിൽ കൊട്ടാരം അങ്കണത്തിൽ ഒരുക്കിയ പുഷ്പോത്സവമാണ് ഏറ്റവും ആകർഷകം. 35 വ്യത്യസ്ത ഇനങ്ങളിലായി നാല് ലക്ഷം പൂക്കൾ ഒരുക്കിയതായി മൈസൂരു കൊട്ടാരം ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ടി.എസ്. സുബ്രഹ്മണ്യ പറഞ്ഞു.
കൃഷ്ണരാജ സാഗർ അണക്കെട്ടിൽ 12000 സന്ദർശകരാണ് ദിനേന എത്തുന്നത്. വൃന്ദാവൻ ഉദ്യാനത്തിൽ 9000 പേരാണ് മുതിർന്നവരും കുട്ടികളുമായി ദിനേന സന്ദർശകർ. മൈസൂരു മൃഗശാല എന്നറിയപ്പെടുന്ന ചാമരാജേന്ദ്ര സുവോളജിക്കൽ ഗാർഡൻ സന്ദർശിക്കാൻ ഈ മാസം 23 മുതൽ 25 വരെ ലക്ഷത്തിലേറെ പേർ എത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 78000 പേരായിരുന്നു സന്ദർശകർ. ഡബിൾ ഡെക്കർ അംബാരി ബസ് സവാരി നടത്താൻ കുടുംബങ്ങൾ ക്യൂ നിൽക്കേണ്ട സാഹചര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.