ബംഗളൂരു: മൈസൂരു വരുണയിലെ ഓൾഡ് കെസരെയിൽ ആക്രിക്കടയിൽ ക്ലോറിൻ വാതകം ശ്വസിച്ച് 37 പേർക്ക് ബോധക്ഷയം നേരിട്ടു. ഇവരെ മൈസൂരുവിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടം നടന്ന ആക്രിക്കടയിലെ ജീവനക്കാർക്കും പരിസരത്തെ സ്ഥാപനങ്ങളിലുള്ളവർക്കുമാണ് അസ്വസ്ഥത ബാധിച്ചത്. കെ. മഹബൂബിന്റെ ഉടമസ്ഥതയിലുള്ള കടയിലെ ജീവനക്കാർ തളർന്നുവീണതിന് പിന്നാലെ വാതകം വായുവിലൂടെ പരിസരങ്ങളിലും പടരുകയായിരുന്നു. ചിലർക്ക് ശ്വാസംമുട്ടും നെഞ്ചുവേദനയും അനുഭവപ്പെട്ടു.
മറ്റു ചിലർക്ക് ചുമയും ഛർദിയും അനുഭവപ്പെട്ടു. വിവരമറിഞ്ഞെത്തിയ ആരോഗ്യപ്രവർത്തകരാണ് തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലും തുടർന്ന് കെ.ആർ ആശുപത്രിയിലും പ്രവേശിപ്പിച്ചത്. ഇവരിൽ 26 പേർ ചികിത്സക്കുശേഷം ആശുപത്രി വിട്ടു. 11 പേർ നിലവിൽ കെ.ആർ ഹോസ്പിറ്റൽ, മെട്ടഗള്ളിയിലെ ജില്ല ഹോസ്പിറ്റൽ, ആലനഹള്ളിയിലെ നാഗരാജഗൗഡ ഹോസ്പിറ്റൽ, ഔട്ടർ റിങ് റോഡിലെ പ്രജ്വൽ ഹേസ്പിറ്റൽ എന്നിവിടങ്ങളിൽ ചികിത്സയിലാണ്. എല്ലാവരും അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.
പഴയ സിലിണ്ടറുകൾ ചതക്കുന്നതിനിടെ ക്ലോറിൻ ഗ്യാസ് സിലിണ്ടറിന്റെ വാൾവ് തുറന്നതാണ് അപകടത്തിനിടയാക്കിയത്. ജോലി ചെയ്യുകയായിരുന്ന രണ്ടു പേർക്കാണ് ആദ്യം അസ്വസ്ഥത അനുഭവപ്പെട്ടത്. സ്ക്രാപ് കടയുടെ പിന്നിലെ സോഫ റിപ്പയർഷോപ്പിലെ അഞ്ചു ജീവനക്കാർക്കും സമീപത്തെ താമസക്കാർക്കും തുടർന്ന് ശ്വാസതടസ്സം അനുഭവപ്പെട്ടു. ഇവരിൽ ഒന്നര വയസ്സുള്ള ദിയ എന്ന പെൺകുഞ്ഞും ഉൾപ്പെടും.
കുഞ്ഞ് കെ.ആർ ഹോസ്പിറ്റലിൽ ചികിത്സയിലാണ്. പ്രേമ (55), ഭാവന (25), പവൻ (എട്ട്), ബിഹത് (10), ചൈതന്യ (ഒമ്പത്), ഭാസ്കർ (എട്ട്), വിദ്യാശ്രീ (28), ശ്വേത (28), ജലീലിയ (രണ്ട്), ഗൗരമ്മ (70), നാഗരാജു (10), വിജയലക്ഷ്മി (35), ജ്യോതിവാണി (23), നേത്രാവതി (25), ദീപ്തി (28), വിശാലാക്ഷി, സോണിയ (20), കെ.എം. റാഫി, എം. സുഹൈൽ പാഷ, സി. അർഷാദ്, വി. സുൽത്താൻ, എ. ഷഹ്ബാസ്, എം. വാഹിദ് പാഷ, സൽമ ബാനു, അസ്മ ബാനു, ആയിശ ബാനു, എൻ. നുഅ്മാൻ, യു. നജ്മ തുടങ്ങിയവരാണ് ചികിത്സ തേടിയത്. മൈസൂരു ചീഫ് ഫയർ ഓഫിസർ ജയരാമയ്യ, റീജനൽ ഫയർ ഓഫിസർ ചന്ദൻ, ജില്ല ഫയർ ഓഫിസർ രമേശ് എന്നിവരടക്കം സംഭവസ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.