ബംഗളൂരു: അന്താരാഷ്ട്ര ജനാധിപത്യ ദിനാചരണത്തിന്റെ ഭാഗമായി 2,500 കിലോമീറ്റർ നീളം വരുന്ന മനുഷ്യച്ചങ്ങലയുമായി കർണാടക സർക്കാർ. സമത്വം, ഐക്യം, സാഹോദര്യം, പങ്കാളിത്ത ഭരണം എന്നീ ആശയങ്ങളിലൂന്നിയാണ് സംസ്ഥാനത്തെ 31 ജില്ലകളെയും ബന്ധിപ്പിച്ചുകൊണ്ട് ബിദർ മുതൽ ചാമരാജ്നഗർ വരെ നീളുന്ന മനുഷ്യച്ചങ്ങല സാമൂഹിക ക്ഷേമ വകുപ്പിന്റെ കീഴിൽ സംഘടിപ്പിച്ചത്. ലോകത്തെ ഏറ്റവും നീളം കൂടിയ മനുഷ്യച്ചങ്ങലയായിരുന്നു സംഘടിപ്പിച്ചതെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കം മന്ത്രിമാരും ഉദ്യോഗസ്ഥരും വിധാൻ സൗദക്കു മുന്നിലാണ് ചടങ്ങിൽ പങ്കെടുത്തത്. ഐക്യത്തിന്റെ മറവിൽ സമൂഹത്തിൽ വിഭജനവും ധ്രുവീകരണവും ഉണ്ടാക്കി ജനാധിപത്യത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഓർമിപ്പിച്ചു.
ഭരണഘടന പറയുന്ന ബഹുസ്വരത നിത്യജീവിതത്തിലും ആഘോഷിക്കാൻ കഴിയണം. ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യം ബസവണ്ണയുടെയും ബുദ്ധന്റെയും കാലം മുതൽ തുടങ്ങുന്നുവെന്ന് ഓർമിപ്പിച്ച മുഖ്യമന്ത്രി, അനുഭവ മണ്ഡപ ആദ്യകാല ജനാധിപത്യ സ്ഥാപനങ്ങൾക്കുദാഹരണമായിരുന്നുവെന്ന് പറഞ്ഞു. അംബേദ്കറുടെ 1949ലെ പ്രസംഗം സൂചിപ്പിച്ച സിദ്ധരാമയ്യ സാമൂഹികവും സാമ്പത്തികവുമായ ജനാധിപത്യം പുലർന്നാൽ മാത്രമേ രാഷ്ട്രീയ ജനാധിപത്യം പൂർണമാവുകയുള്ളൂവെന്ന് ചൂണ്ടിക്കാട്ടി. വിവേചനത്തിന് ഇടമില്ലാത്ത, സമാധാനവും സമത്വവും അഭിവൃദ്ധിപ്പെടുന്ന ഒരു കർണാടകയും ഇന്ത്യയും പുലരണമെന്ന് ആഹ്വാനം ചെയ്ത സിദ്ധരാമയ്യ സമൂഹത്തിലെ അസമത്വങ്ങൾ തുടച്ചുനീക്കപ്പെടുന്നതുവരെ, രാജ്യം നേടിയ സ്വാതന്ത്ര്യം അപൂർണമായി തുടരുമെന്ന് അദ്ദേഹം പറഞ്ഞു. എം.എൽ.എ റിസ് വാൻ അർഷദിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കർണാടക ലെജിസ്ലേറ്റിവ് കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊരട്ടി, മന്ത്രിമാരായ ദിനേശ് ഗുണ്ടുറാവു, എച്ച്.സി മഹാദേവപ്പ, കെ.ജെ. ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
ബംഗളൂരു: വിധാൻ സൗധക്ക് മുന്നിൽ നടന്ന ചടങ്ങിൽ പ്രധാന ആകർഷണമായി റീക്ലെയിം കോൺസ്റ്റിറ്റ്യൂഷന്റെ പ്രിന്റ് യുവർ പ്രിയാമ്പ്ൾ ഹാൻഡ് പ്രിന്റിങ് സ്റ്റാൾ. 4800ഓളം പേരാണ് സ്റ്റാളിൽ നിന്നും ഭരണഘടനയുടെ ആമുഖം കൈകൊണ്ട് അച്ചടിച്ചത്. ഉൾക്കൊള്ളൽ, പ്രാതിനിധ്യം, മൗലികാവകാശങ്ങളുടെ സംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ പോസ്റ്ററുകളുമായി അസീം പ്രേജി യൂനിവേഴ്സിറ്റിയിൽ നിന്നുള്ള വിദ്യാർഥികളും ചടങ്ങിൽ സജീവമായി. ഇന്ത്യയിലെ നിലവിലുള്ളതും കഴിഞ്ഞതുമായ പാർലമെന്ററി വ്യവഹാരങ്ങൾ മനസ്സിലാക്കാനുതകുന്ന ‘കോൺസ്റ്റിറ്റ്യൂഷനൽ ഒബ്സർവർ’ എന്ന ഡിജിറ്റൽ ഇന്റർഫേസും ചടങ്ങിലെ മറ്റൊരു ആകർഷണമായിരുന്നു. ഇന്ത്യയിലെ പാർലമെന്ററി പ്രകിയകളെക്കുറിച്ച് ധാരണ ലഭിക്കാൻ സഹായകമായ ചിത്രീകരണമായിരുന്നു കോൺസ്റ്റിറ്റ്യൂഷനൽ ഒബ്സർവറിലുണ്ടായിരുന്നത്. അതോടൊപ്പം ഭരണഘടനയുടെ ആമുഖമുള്ള പ്രത്യേക പോസ്റ്റ് കാർഡുകളുമായി തപാൽ വകുപ്പിന്റെ സ്റ്റാളുമുണ്ടായിരുന്നു.
ബംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പങ്കെടുത്ത പരിപാടിയിൽ ഗുരുതര സുരക്ഷാ വീഴ്ച. മുഖ്യമന്ത്രി വേദിയിലിരിക്കെ യുവാവ് സ്റ്റേജിലേക്ക് ചാടിക്കയറാൻ ശ്രമിക്കുകയായിരുന്നു. കന്നട പതാക മുദ്രണം ചെയ്ത ചുവപ്പും മഞ്ഞയും നിറമുള്ള സ്കാർഫ് മുഖ്യമന്ത്രിക്കുനേരെ എറിയാൻ ശ്രമിച്ച യുവാവിനെ സുരക്ഷ ഉദ്യോഗസ്ഥർ ചേർന്ന് പിടിച്ചുമാറ്റുകയായിരുന്നു. കനകപുര സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.