പ്രജ്വലിനെ ഹാസനിലെ വീട്ടിൽ തെളിവെടുപ്പിനെത്തിച്ചു

ബംഗളൂരു: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ ജെ.ഡി-എസ് മുൻ എം.പി പ്രജ്വൽ രേവണ്ണയെ (33) അന്വേഷണ സംഘം എസ്.ഐ.ടി ശനിയാഴ്ച ഹാസനിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു. കനത്ത സുരക്ഷയിലായിരുന്നു ഹാസനിലെ ഹൊളെ നരസിപൂരിലെ വീട്ടിൽ തെളിവെടുപ്പ് നടന്നത്.

ജെ.ഡി-എസ് അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുടെ പൗത്രനായ പ്രജ്വൽ രേവണ്ണ ലോക്സഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. പ്രജ്വലിന്റെ മാതാപിതാക്കളായ ഹൊളെ നരസിപുർ എം.എൽ.എ എച്ച്.ഡി. രേവണ്ണയും ഭവാനി രേവണ്ണയും പ്രജ്വലിന്റെ പീഡനത്തിനിരയായ യുവതിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസിൽ ജാമ്യത്തിൽ കഴിയുകയാണ്.

ഏപ്രിൽ 27ന് ഒളിവിൽപോയ ശേഷം ആദ്യമായാണ് പ്രജ്വൽ തന്റെ വീട്ടിലെത്തുന്നത്. കറുത്ത ടീ ഷർട്ടും മുഖാവരണവും ധരിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥർക്കൊപ്പം എത്തിയത്. പീഡനവുമായി ബന്ധപ്പെട്ട വിഡിയോകൾ പുറത്തായതോടെ പ്രജ്വൽ ജർമനിയിലേക്ക് കടക്കുകയായിരുന്നു. ജർമനിയിൽനിന്ന് തിരിച്ചെത്തിച്ച അന്വേഷണ സംഘം മേയ് 31ന് ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽവെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. അന്നുതന്നെ കോടതിയിൽ ഹാജരാക്കി.

റിമാൻഡ് കാലാവധി വ്യാഴാഴ്ച അവസാനിച്ചിരുന്നു. തുടർന്ന് വീണ്ടും കോടതിയിൽ ഹാജരാക്കി ജൂൺ 10 വരെ ജുഡീഷ്യൽ കസ്റ്റഡി നീട്ടിവാങ്ങി. പ്രജ്വൽ ചോദ്യം ചെയ്യലുമായി കാര്യമായി സഹകരിക്കുന്നില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ ആരോപണം. വിശദമായ ചോദ്യം ചെയ്യലിനായി കൂടുതൽ സമയം അനുവദിക്കണമെന്ന എസ്.ഐ.ടിയുടെ ആവശ്യം കണക്കിലെടുത്താണ് കോടതി കസ്റ്റഡി തുടരാൻ ഉത്തരവിട്ടത്.

പ്രതിയുടെ ലൈംഗികക്ഷമത പരിശോധന കഴിഞ്ഞദിവസം എസ്.ഐ.ടി നടത്തിയിരുന്നു. വിദേശ രാജ്യങ്ങളില്‍ പ്രചാരത്തിലുള്ള നൂതന രീതിയാണ് എസ്.ഐ.ടി ഇതിന് ആശ്രയിച്ചത്. നേരിട്ട് ലൈംഗികക്ഷമത പരിശോധിക്കാതെ പ്രതിയുടെ ശാരീരിക, മാനസിക, ലൈംഗിക അവസ്ഥകള്‍ ഡോക്ടർമാരുടെ സംഘം വിലയിരുത്തിയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് തയാറാക്കിയത്.

ബംഗളൂരു ശിവാജി നഗറിലെ അടല്‍ ബിഹാരി വാജ്‌പേയ് റിസർച്ച്‌ സെന്ററില്‍ ഫോറൻസിക്, സർജറി, യൂറോളജി, സൈക്യാട്രി, ഗൈനക്കോളജി വകുപ്പുകളിലെ വിദഗ്ധർ ചേർന്നായിരുന്നു പരിശോധന. പ്രജ്വലിനെതിരായ ലൈംഗിക പീഡന കേസില്‍ ദൃശ്യങ്ങള്‍ തെളിവായുണ്ടെങ്കിലും പ്രതിയുടെ മുഖം ഒരിടത്തും വ്യക്തമല്ല എന്നതാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് തിരിച്ചടിയാകുന്നത്.

Tags:    
News Summary - investigation started on Prajwal Revanna case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.