ബംഗളൂരു: ഐ.എം.എ നിക്ഷേപത്തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ബംഗളൂരു ശിവാജി നഗറിലെ സർക്കാർ ഉർദു മീഡിയം ഹയർ പ്രൈമറി ബോയ്സ് സ്കൂളിന്റെ കെട്ടിടം പ്രത്യേക കോടതി കണ്ടുകെട്ടുന്നു. നിക്ഷേപത്തട്ടിപ്പ് നടത്തിയ ഐ.എം.എ ഗ്രൂപ്പാണ് ഈ കെട്ടിടം സ്കൂളിന് നിർമിച്ചുനൽകിയതെന്ന കണ്ടെത്തലിനെത്തുടർന്നാണിത്.
2017ലാണ് ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് ഐ.എം.എ കമ്പനി കോടിക്കണക്കിന് രൂപ തട്ടിയെന്ന് ആരോപണമുയർന്നത്. ഇതിനിടെ പണം തിരികെ ലഭിക്കാൻ നിക്ഷേപകർ സ്ഥാപനത്തിലെത്തിത്തുടങ്ങിയതോടെ ഉടമ മൻസൂർ ഖാൻ മുങ്ങുകയും ചെയ്തു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് 65,000ത്തോളം പേരിൽനിന്നായി 2,600 കോടിയോളം രൂപ നിക്ഷേപം സ്വീകരിച്ചതായി കണ്ടെത്തിയത്.
നിക്ഷേപിച്ച തുക വിവിധയിടങ്ങളിൽ വകമാറ്റി ചെലവഴിച്ചതായും അന്വേഷണ സംഘം കണ്ടെത്തി. ഇങ്ങനെ വകമാറ്റി ചെലവഴിച്ച തുകയാണ് സ്കൂൾ കെട്ടിടം നിർമിക്കാനും വിനിയോഗിച്ചത്. നിക്ഷേപകരിൽനിന്ന് ശേഖരിച്ച 12.82 കോടി രൂപയാണ് കെട്ടിടം നിർമിക്കുന്നതിന് ഉപയോഗിച്ചതെന്നാണ് കണ്ടെത്തൽ.
കർണാടക പ്രൊട്ടക്ഷൻ ഓഫ് ഇന്ററസ്റ്റ് ഓഫ് ഡെപ്പോസിറ്റേഴ്സ് ഇൻ ഫിനാൻഷ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് ആക്ട് അനുസരിച്ചാണ് കോടതിയുടെ നടപടി. ഇത്തരം കേസുകളിൽ സർക്കാർ കെട്ടിടം കണ്ടുകെട്ടാൻ കഴിയില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ വാദം പ്രത്യേക കോടതി തള്ളി.
ഏപ്രിൽ 30നുള്ളിൽ കെട്ടിടനിർമാണത്തിന് ചെലവായ തുക കെട്ടിവെച്ചാൽ ഈ കെട്ടിടം വിദ്യാഭ്യാസ വകുപ്പിന് തിരികെ കൈമാറാമെന്നും കോടതി വ്യക്തമാക്കി. ഏപ്രിൽ 30 വരെ കെട്ടിടം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തുടർനടപടികളുണ്ടാകില്ല.
നിലവിൽ 895 വിദ്യാർഥികളാണ് സ്കൂളിൽ പഠിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് പണം അടക്കാൻ തയാറാകുന്നില്ലെങ്കിൽ അടുത്ത അധ്യയന വർഷം മുതൽ വിദ്യാർഥികളെ സമീപത്തെ സ്കൂളുകളിലേക്കോ മറ്റു കെട്ടിടങ്ങളിലേക്കോ മാറ്റണമെന്നാണ് കോടതിയുടെ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.