ബംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ) ഫുട്ബാളിൽ ബുധനാഴ്ച ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ സൗത്ത് ഇന്ത്യൻ ഡെർബി. പരാജയങ്ങളോടെ പോയന്റ് പട്ടികയിൽ പതിനൊന്നാം സ്ഥാനത്തുള്ള ആതിഥേയരായ ബംഗളൂരു എഫ്.സി ഒമ്പതാം സ്ഥാനത്തുള്ള ചെന്നൈയിൻ എഫ്.സിയെയാണ് നേരിടുക.
13 കളിയിൽനിന്ന് രണ്ടുജയം മാത്രമാണ് ഇതുവരെ ബംഗളൂരുവിനുള്ളത്. അഞ്ചു തോൽവിയും ആറു സമനിലയും അടക്കം 11 പോയന്റ്. കഴിഞ്ഞ മത്സരത്തിൽ ലീഗിലെ കന്നിക്കാരായ പഞ്ചാബ് എഫ്.സിയോട് ഒന്നിനെതിരെ മൂന്നു ഗോളിന്റെ തോൽവി പിണഞ്ഞത് മുൻ ചാമ്പ്യന്മാരായ ബംഗളൂരുവിനുണ്ടാക്കിയ ക്ഷീണം ചെറുതല്ല. സ്വന്തം മണ്ണിൽ ഒരു വിജയം നേടി തിരിച്ചുവരവിനായുള്ള ശ്രമമാണ് ക്യാപ്റ്റൻ സുനിൽ ഛേത്രിയും കൂട്ടരും ലക്ഷ്യമിടുന്നത്.
അതേസമയം, ബംഗളൂരുവിനെക്കാളും ഒരു കളി കുറച്ചു കളിച്ച ചെന്നൈയിന് ഒരു പോയന്റ് കൂടുതലുണ്ട്. 12 കളിയിൽനിന്ന് മൂന്നുവീതം ജയവും തോൽവിയും ആറു സമനിലയുമാണ് ക്രെഡിറ്റിലുള്ളത്. ചെന്നൈയിൽ നടന്ന ആദ്യപാദ മത്സരത്തിൽ മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് ചെന്നൈയിനായിരുന്നു ജയം.
രണ്ടും പെനാൽറ്റി ഗോളുകളായിരുന്നു. റഫേൽ ക്രിവലാരോയും ജോർഡാൻ മുറെയുമായിരുന്നു സ്കോറർമാർ. ഈ മത്സരം ജയിക്കാനായാൽ ചെന്നൈയിന് പോയന്റ് പട്ടികയിൽ ആറാം സ്ഥാനത്തേക്കുയരാനാവും. നിലവിൽ 14 കളിയിൽ 13 പോയന്റുള്ള ജംഷദ്പൂരാണ് ആറാമത്. രാത്രി 7.30 നാണ് മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.