ബംഗളൂരു: ഉത്തര കന്നട ജില്ലയിൽ കാർവാറിലെ കോടിബാഗിന് സമീപം കാളി നദിക്ക് കുറുകെ നിർമിച്ച പാലം തകർന്നു. പാലത്തിലൂടെ പോവുകയായിരുന്ന ലോറി നദിയിലേക്ക് വീഴുകയും ചെയ്തു. കർണാടകയെ ഗോവയുമായി ബന്ധിപ്പിക്കുന്നതാണ് തകർന്ന പാലം.
ഗോവയിൽ നിന്ന് കാർവാറിലേക്ക് വരുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. ലോറി ഡ്രൈവറെ പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ ചേർന്ന് രക്ഷപ്പെടുത്തി. ബുധനാഴ്ച പുലർച്ച ഒന്നരയോടെയാണ് അപകടം സംഭവിച്ചതെന്ന് ഉത്തര കന്നട ജില്ല ഡെപ്യൂട്ടി കമീഷണർ കെ. ലക്ഷ്മി പ്രിയ പറഞ്ഞു.
40 വർഷം പഴക്കമുള്ള പാലത്തിന്റെ മൂന്ന് ഭാഗങ്ങൾ ഒരേസമയം തകരുകയായിരുന്നു. കാളി നദിക്ക് കുറുകെ ദേശീയപാത 66ൽ രണ്ട് പാലങ്ങളുണ്ട്. 1983ൽ നിർമിച്ച പഴയ പാലമാണ് തകർന്നത്. ഈ പാലം ഉപയോഗയോഗ്യമാണെന്ന് അധികൃതർ അവകാശപ്പെട്ടതിനാൽ പഴയതും പുതിയതുമായ പാലങ്ങൾ ഉപയോഗിച്ച് വരുകയായിരുന്നു. 2018ൽ പഴയ പാലത്തിന് സമാന്തരമായാണ് പുതിയ പാലം നിർമിച്ചത്. അപകടത്തെ തുടർന്ന് സുരക്ഷാ കാരണങ്ങളാൽ പുതിയ പാലത്തിലെ ഗതാഗതവും നിർത്തി വെക്കാൻ ഡി.സി ഉത്തരവിട്ടിരുന്നു. എന്നാൽ, പുതിയ പാലം സുരക്ഷിതമാണെന്ന ദേശീയ പാത അതോറിറ്റിയുടെ റിപ്പോർട്ട് ലഭ്യമായതിനെത്തുടർന്ന് ഭാരം കയറ്റിയവ ഒഴികെയുള്ള വാഹനങ്ങൾക്ക് ഗതാഗത അനുമതി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.