ബംഗളൂരു: നാലു കാലുള്ള ഒരു കാള ഒറ്റക്കാലിൽ നിൽക്കുന്നത് ചിന്തിക്കാനേ കഴിയാത്ത കാര്യമാണെന്നും അതുപോലെ ഈ കാലത്ത് നീതി ഒറ്റക്കാലിൽ നിൽക്കുകയാണെന്നും കവി കൽപറ്റ നാരായണൻ. വിനോദ് കൃഷ്ണയുടെ ‘നയൻ എം.എം ബരേറ്റ’ നോവലിനെ അടിസ്ഥാനമാക്കി ‘ചരിത്ര സത്യങ്ങൾ തേടാൻ കൊതിക്കുന്ന രാഷ്ട്രീയ ആധുനികത’ എന്ന വിഷയത്തിൽ ബാംഗ്ലൂർ മലയാളി റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് ഫോറവും ബംഗളൂരു സെക്കുലർ ഫോറവും സംയുക്തമായി സംഘടിപ്പിച്ച സർഗ സംവാദത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
‘കലികാലം’ എന്ന കവിത ചൊല്ലിയാണ് കൽപറ്റ നാരായണൻ പ്രഭാഷണമാരംഭിച്ചത്. എഴുത്തിൽ ഫിക്ഷൻ അശക്തമാവുകയും യഥാർഥ ജീവിതത്തിൽ ട്രോളുകളും നുണകളും കൊണ്ട് ഫിക്ഷൻ ശക്തമാവുകയും ചെയ്യുന്ന കാലമാണിതെന്ന് അദ്ദേഹം നിരീക്ഷിച്ചു. കലയും സത്യവും തമ്മിലെ ഇണക്കം വിനോദ് കൃഷ്ണ ഈ നോവലിൽ നന്നായി വരച്ചിടുന്നു. ഗാന്ധിവധം ഓരോ നിമിഷവും നടന്നുകൊണ്ടിരിക്കുന്നെന്നതാണ് പുസ്തകത്തിന്റെ കണ്ടെത്തൽ. ഫിക്ഷൻ രൂപത്തിൽ എഴുതിയ മനോഹരമായ ഗാന്ധി സ്മാരകമായി ഈ രചന മാറിയിട്ടുണ്ട്. ഈ കാലം അസത്യത്തിന്റെ കാലമാണെന്നും സത്യത്തെ ശക്തിപ്പെടുത്താൻ വേണ്ടി ജീവൻ ത്യജിച്ചയാളാണ് ഗാന്ധിജിയെന്നും അദ്ദേഹം പറഞ്ഞു. ‘ബീഡി’ എന്ന തന്റെ കവിത ചൊല്ലിയാണ് കൽപറ്റ നാരായണൻ പ്രഭാഷണം അവസാനിപ്പിച്ചത്.
സമകാലിക സാഹിത്യത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട നയൻ എം.എം ബരേറ്റ നോവലിന്റെ ഔദ്യോഗികമായ നൂറാമത്തെ ചർച്ചയാണ് ബംഗളൂരുവിൽ നടന്നത്. ഇന്ദിരാ നഗർ ഇ.സി.എ ഹാളിൽ വൈകീട്ട് നടന്ന പരിപാടിയിൽ കവയിത്രി ഡോ. ബിലു സി. നാരായണൻ നോവലിനെ പരിചയപ്പെടുത്തി. ചെറുകഥയായി മാറേണ്ടതിനെ ചരിത്രമായും യഥാർഥ ചരിത്രത്തെ വെറും കഥയായും ചിത്രീകരിക്കുന്ന പുതിയ കാലത്ത് സത്യത്തെ തീക്ഷ്ണതയോടെ പുതിയ കാല വായനക്കായി സമർപ്പിക്കാൻ നോവലിസ്റ്റിന് കഴിഞ്ഞതായി അവർ ചൂണ്ടിക്കാട്ടി.
ബാംഗ്ലൂർ റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് ഫോറം പ്രസിഡന്റ് ടി.എ. കലിസ്റ്റസ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോഓഡിനേറ്റർ ശാന്തകുമാർ എലപ്പുള്ളി അതിഥികളെ പരിചയപ്പെടുത്തി. നടനും നാടക പ്രവർത്തകനുമായ പ്രകാശ് ബാരെ ചർച്ച ഉദ്ഘാടനം ചെയ്തു. തങ്കച്ചൻ പന്തളം, സതീഷ് തോട്ടശ്ശേരി, സുദേവൻ പുത്തൻചിറ, ചന്ദ്രശേഖരൻ നായർ, തോമസ്, ആർ.വി. ആചാരി, ഡെന്നീസ് പോൾ, പ്രമോദ് വരപ്രത്ത്, വജീദ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ഒ.എൻ.വിയുടെ ‘ഗോതമ്പു മണികൾ’ എന്ന കവിത സൗദ റഹ്മാൻ ആലപിച്ചു. കൽപറ്റ നാരായണനെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു. സി.പി.എ.സി അധ്യക്ഷൻ സി. കുഞ്ഞപ്പൻ സ്വാഗതവും ബാംഗ്ലൂർ റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് ഫോറം സെക്രട്ടറി മുഹമ്മദ് കുനിങ്ങാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.